Vinayakan: ‘ഇപ്പോൾ എന്നെ എല്ലാവരും സ്നേഹിക്കുന്നു, എനിക്കാണോ നാട്ടുകാർക്കാണോ ഭ്രാന്ത്’ ; വിനായകൻ
Actor Vinayakan: ഈ വീഡിയോയ്ക്ക് ട്രോളുകളും വിമർശങ്ങളും നേരിടേണ്ടി വരുമെന്ന് താൻ ചിന്തിച്ചിരുന്നുവെന്നും എന്നാൽ ആ വിഡിയോയ്ക്ക് ആരും തന്നെ ട്രോൾ ചെയ്തില്ലെന്നും പറയുകയാണ് വിനായകൻ.
മലയാള സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. മ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചത്. ഇതിനു ശേഷം ബുക്കിങ്ങിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഇതോടെ അധികം വൈകാതെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടന്നു. ചിത്രത്തിൽ നായകനായി വിനായകനും പ്രതിനായക വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുവെന്നാണ് വിവരം. സിനിമയിലേക്ക് വിനായകനെ നിര്‍ദ്ദേശിച്ചത് തന്നെ മമ്മൂട്ടിയാണ്.
പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശങ്ങളും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങുന്ന ഒരാളാണ് വിനായകൻ. എന്നാൽ അടുത്തിടെ പെറ്റ് ഡിക്ടറ്റീവ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി സെൽഫ് ട്രോൾ ചെയ്യുന്ന ഒരു വീഡിയോ നടൻ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് ട്രോളുകളും വിമർശങ്ങളും നേരിടേണ്ടി വരുമെന്ന് താൻ ചിന്തിച്ചിരുന്നുവെന്നും എന്നാൽ ആ വിഡിയോയ്ക്ക് ആരും തന്നെ ട്രോൾ ചെയ്തില്ലെന്നും പറയുകയാണ് വിനായകൻ. റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
ഇപ്പോൾ തന്നെ എല്ലാവരും സ്നേഹിക്കുന്നുവെന്നും ഇത്രയും വൃത്തികെട്ട വിനായകനെ എല്ലാവരും സ്നേഹിക്കുന്നുവെന്നും നടൻ പറഞ്ഞു. ഇത് കാണുമ്പോൾ തനിക്ക് ഓർമ വരുന്നത് സലിം കുമാർ പറഞ്ഞ ഡയലോഗാണ്. തനിക്കാണോ ഭ്രാന്ത്, നാട്ടുകാർക്കാണോ എന്ന്. കുറച്ച് നാളായി താൻ കാണുന്നുണ്ട് ഈ മെസ്സേജുകൾ എന്നും വിനായകൻ പറഞ്ഞു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫെയറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.