Arya: ആര്യയുടെ കാഞ്ചീവരത്തിന്റെ പേരില്‍ ‘ഓഫർ’ തട്ടിപ്പ്; പരാതി നൽകി നടി
Arya Boutique Online Scam: നടിയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആർ കോഡും വീഡിയോയും നിർമിച്ചാണ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

Arya Badai
കൊച്ചി: നടിയും അവതാരകയുമായ ആര്യയുടെ കാഞ്ചീവരം ബുട്ടീക്കിന്റെ പേരിൽ തട്ടിപ്പ്. നടിയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആർ കോഡും വീഡിയോയും നിർമിച്ചാണ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പതിനായിരത്തിലധികം വിലയുള്ള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതോടെ കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് വിവരം.
പണം നഷ്ടപ്പെട്ടയാളിൽ നിന്നുമാണ് ആര്യ ഈ വിവരം അറിഞ്ഞത്. ഉടനെ തന്നെ താരം പോലീസിൽ പരാതി നൽകുകയും ചെയ്തു. തട്ടിപ്പിന് പിന്നില്‍ ബിഹാറില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം. നിരവധി പേർ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായതായാണ് വിവരം. കാഞ്ചീവരത്തിന്റെ ഒറിജിനൽ പേജില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഉപയോഗിക്കുകയും ചെയ്തു. പോസ്റ്റിനൊപ്പം നൽകിയിരുന്നത് തട്ടിപ്പുകാരുടെ നമ്പറുകളായിരുന്നു. അതില്‍ ബന്ധപ്പെടുമ്പോള്‍ പണം അയക്കാനുള്ള ക്യു ആര്‍ കോഡ് നല്‍കും. പണം അക്കൗണ്ടിലെത്തുന്നതോടെ ബ്ലോക്ക് ചെയ്യും. ഇതായിരുന്നു തട്ടിപ്പുകാരുടെ രീതി.
Also Read: 1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ കേസ്
എന്നാൽ പണം നൽകി ദിവസങ്ങൾ കഴിഞ്ഞും വസ്ത്രങ്ങൾ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തന്റെ ബുട്ടീക്കിന്റെ പേരില്‍ 20 ഓളം വ്യാജ അക്കൗണ്ടുകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് ആര്യ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞത്. വ്യാജന്മാര്‍ക്കെതിരെ സൈബര്‍ സെല്ലിലും പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. മിക്ക അക്കൗണ്ടുകളും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് പുറമെ ജഡ്ജിമാരും ഡോക്ടര്‍മാരുമെല്ലാം തട്ടിപ്പിന് ഇരയായവരിൽ ഉണ്ടെന്നാണ് ആര്യ പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഓണ്‍ലൈനില്‍ സാധാരണയാണെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.