Actress assault case: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ’; വീണ്ടും വൈകാരിക പ്രതികരണവുമായി അതിജീവിത
Survivor Shares Emotional Post: തനിക്കെതിരെ അക്രമം നടന്നപ്പോൾ പോലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്നും തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും അതിജീവിത പറയുന്നു.
യുവനടിയെ ആക്രമിച്ച കേസിൽ വീണ്ടും വൈകാരിക പ്രതികരണവുമായി അതിജീവിത. തനിക്കെതിരെ അക്രമം നടന്നപ്പോൾ പോലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്നും തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും അതിജീവിത പറയുന്നു. കേസിലെ പ്രതിയായ മാർട്ടിൻ ആന്റണി പുറത്തു വിട്ട വിവാദ വീഡിയോയ്ക്ക് പിന്നാലെയാണ് നടിയുടെ വൈകാരിക പ്രതികരണം.
പോസ്റ്റിന്റെ പൂർണ രൂപം
ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു. 20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!
കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ മാർട്ടിൻ നടിയുടെ പേര് വെളിപ്പെടുത്തി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പ്രോസിക്യൂഷൻ കേസ് കെട്ടിച്ചമച്ചതാണെന്നും നടി വെളിപ്പെടുത്തിയതും കോടതിയിൽ തെളിഞ്ഞതുമായ കാര്യങ്ങൾ വാസ്തവമല്ലെന്നും ആരോപിച്ചായിരുന്നു മാർട്ടിന്റെ വിഡിയോ. ഇതിനു പിന്നാലെ വീഡിയോ നീക്കം ചെയ്യണമെന്ന് പറഞ്ഞി നടി നിയമനടപടി ആവശ്യപ്പെട്ടിരുന്നു. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.
അതേസമയം കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചിരുന്നു. കേസില്‍ നടന്‍ ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.വിചാരണാക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.