Lakshmi Menon: ലക്ഷ്മി മേനോനൊപ്പമുള്ളവർ ക്വട്ടേഷൻ സംഘത്തിലുള്ളവരെന്ന് സൂചന
Actress Lakshmi Menon Criminal Background: നടി ലക്ഷ്മി മേനോന് ഈ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി എന്താണ് ബന്ധമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കൊച്ചി: കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍, നടി ലക്ഷ്മി മേനോനൊപ്പം അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉള്‍പ്പെടുന്നു. ഒന്നാം പ്രതിയായ പറവൂര്‍ സ്വദേശി മിഥുന്‍ മോഹനെതിരെ സ്വര്‍ണം തട്ടിയെടുക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്.
ഈ കേസില്‍ ഹൈക്കോടതി നടിയുടെ അറസ്റ്റ് തടഞ്ഞിരുന്നു. യുവാവിന്റെ പരാതിയില്‍ മൂന്നുപേരെ പിടികൂടിയപ്പോഴാണ് ലക്ഷ്മി മേനോന്‍ സംഘത്തിലുണ്ടായിരുന്നതായി പോലീസ് അറിയുന്നത്.
മിഥുന്‍ മോഹന്‍ ഒരു ക്വട്ടേഷന്‍ ടീം അംഗമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. 2023 നവംബറില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ മിഥുന്‍. രണ്ടാം പ്രതിയായ അനീഷിനെതിരെയും നാശനഷ്ടമുണ്ടാക്കിയതിന് കേസുണ്ട്.
നടി ലക്ഷ്മി മേനോന് ഈ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി എന്താണ് ബന്ധമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തര്‍ക്കമുണ്ടായ ബാറില്‍ ലക്ഷ്മി മേനോനും സോന മോളും മിഥുനും അനീഷുമാണ് ഉണ്ടായിരുന്നത്. പരാതിക്കാരനായ ഐടി ജീവനക്കാരനൊപ്പം തായ്ലന്‍ഡ് സ്വദേശിനിയായ സുഹൃത്തും മറ്റുരണ്ടുപേരുമുണ്ടായിരുന്നു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് പിന്നീട് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുന്നതിലേക്ക് നയിച്ചത്. സംഭവത്തില്‍ ഇരു കൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.