Ajay Devgn World-Class Film Studio: വരുന്നു… ലോകോത്തര നിലവാരത്തിലൊരു ഫിലിം സ്റ്റുഡിയോ സൗത്തിന്ത്യയിൽ… പിന്നിൽ അജയ് ദേവ്ഗൺ
Ajay Devgn Pitches World-Class Film Studio for Telangana: ഇതിനോട് അനുബന്ധമായി ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി ഒരു സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ദേവ്ഗണിന് പദ്ധതിയുണ്ട്.
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ തെലങ്കാനയിൽ ലോകോത്തര നിലവാരമുള്ള ഒരു ചലച്ചിത്ര സ്റ്റുഡിയോ സ്ഥാപിക്കാൻ രംഗത്തെത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് ജൂലൈ 7ന് അദ്ദേഹം ന്യൂഡൽഹിയിൽ വെച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
അത്യാധുനിക ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് സ്മാർട്ട് സ്റ്റുഡിയോ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റുഡിയോ ഒരുക്കാനുള്ള തന്റെ കാഴ്ചപ്പാട് ദേവ്ഗൺ മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനോട് അനുബന്ധമായി ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി ഒരു സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ദേവ്ഗണിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുമുണ്ട്. സിനിമാ നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ തെലങ്കാനയെ മുന്നിലെത്തിക്കാനും ഈ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്.
തെലങ്കാനയിലെ സിനിമാ, മാധ്യമ മേഖലകളിലെ വികസനത്തിനായുള്ള സർക്കാർ സംരംഭങ്ങളെ ദേവ്ഗൺ അഭിനന്ദിക്കാനും താരം മറന്നില്ല. കൂടാതെ ‘റൈസിംഗ് തെലങ്കാന’യുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.