Ennu swantham Janakikkutti songs: മാർജാര മിഴിയുള്ള കുഞ്ഞാത്തോലിനെ കണ്ട സ്വപ്നമോ സത്യമോ എന്നറിയാത്ത ആ പാട്ടുകൾ പറയുന്നത്….
Hit songs from Ennu Swantham Janakikutty : ആരും കൊതിച്ചു പോകുന്ന അതിസുന്ദരിയായ ഒരു യക്ഷി, പൂച്ചക്കണ്ണുള്ള കുഞ്ഞാത്തോലിനെ കളിക്കൂട്ടുകാരിയായി കിട്ടിയ ജാനകി കുട്ടി എത്ര ഭാഗ്യവതി ചിന്തിക്കാതെ ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല.
കളിത്തോഴിമാരൊത്ത് തിരിതെറുത്തും ഭഗവതിക്കെട്ടിൽ വിളക്കുവെച്ചും നടന്ന ഒരു വട്ടക്കണ്ണടക്കാരി ജാനകിക്കുട്ടിയുടെ ലോകമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ എം ടി വരച്ചിടുന്നത്. കാവും കുളവും തകർന്നു കിടക്കുന്ന മനയും എല്ലാം ഒരു സ്വപ്നലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. സങ്കല്പമോ സ്വപ്നമോ എന്ന് തിരിച്ചറിയാനാവാത്ത പല പല കാഴ്ചകളും നമുക്ക് ഈ സിനിമയിൽ കാണാം.
ആരും കൊതിച്ചു പോകുന്ന അതിസുന്ദരിയായ ഒരു യക്ഷി, പൂച്ചക്കണ്ണുള്ള കുഞ്ഞാത്തോലിനെ കളിക്കൂട്ടുകാരിയായി കിട്ടിയ ജാനകി കുട്ടി എത്ര ഭാഗ്യവതി ചിന്തിക്കാതെ ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല. നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രണ്ട് ഗാനങ്ങളാണ് പ്രധാനമായും ഈ ചിത്രത്തിൽ ഉള്ളത്. അതിലൊന്ന് ജാനകി കുട്ടിയും കുഞ്ഞാത്തോലും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നതെങ്കിൽ മറ്റൊന്നിൽ കുട്ടിത്തം വിട്ടുമാറാത്ത ഒരു കൗമാരക്കാരിയുടെ പ്രണയചാപല്യങ്ങളും സ്വപ്നങ്ങളുമാണ് ഉള്ളത്.
ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു
ചെമ്പകപ്പൂ എന്നത് തന്നെ ഗൃഹാതുരത്വത്തിന്റെയും സുഗന്ധത്തിന്റെയും പ്രതീകം. അത്രയും മനോഹരമായ ചെമ്പക പൂവിലേക്ക് വീണ്ടും വസന്തം കൂടി വന്നാലോ… ഒരു പെൺകുട്ടിയുടെ മനസ്സിൽ പ്രണയം മൊട്ടിടുന്നത് അത്രയും മനോഹരമാണെന്നാണ് ഈ പാട്ടിലൂടെ നമുക്ക് മനസ്സിലാകുന്നത്. ജാനകിക്കുട്ടി തന്റെ ആദ്യപ്രണയത്തിന്റെ ഒരോ നോട്ടത്തിലും അത്രമേൽ സന്തോഷവതിയാകുന്നു… പ്രകൃതിയിലെ ഓരോ പുൽനാമ്പിനോടും അവൾ ആ സന്തോഷം പങ്കുവെയ്ക്കുന്നു… അവളുടെ ഓരോ ചലനത്തിലും സന്തോഷവും ആഹ്ലാദവുമുണ്ട്.
പാർവണ പാൽമഴ പെയ്തൊഴിയും
തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ കുഞ്ഞാത്തോലുമായുള്ള സൗഹൃദ സംഭാഷണങ്ങളാണ് ഈ പാട്ടിന്റെ സംഗ്രഹം. ജാനകി കുട്ടിക്ക് വേണ്ടി മറ്റൊരു മായിക ലോകം തീർക്കുകയാണ് കുഞ്ഞാത്തോൽ ഇവിടെ. ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം ആകാശപ്പനയിൽപണിഞ്ഞുതരുമെന്നും ഇനി നിനക്കെന്തു വേണം എന്നും വാൽസല്യത്തോടെയും സ്നേഹത്തോടെയുമാണ് കുഞ്ഞാത്തോൽ ചോദിക്കുന്നത്. മാർജാരമിഴിയുള്ള കുഞ്ഞാത്തോലായി ചഞ്ചലും ജാനകിക്കുട്ടിയായി ജോമോളും സ്ക്രീനിൽ നിറഞ്ഞു നിന്നതിനൊപ്പം വരികളിൽ മധുരം നിറച്ച കൈതപ്രത്തിന്റെ സാന്നിധ്യവും നമുക്കറിയാനാകും…