Bachelor Party: ബിലാൽ അല്ല, ഇനി ‘പാർട്ടി’ ടൈം; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അമൽ നീരദ്
Bachelor Party Second Part Deux: ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആയിരിക്കും അമൽ നീരദിന്റെ പുതിയ പടമെന്ന അഭ്യൂങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ മറ്റൊരു പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം.
മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നവർ അനേകരാണ്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആയിരിക്കും അമൽ നീരദിന്റെ പുതിയ പടമെന്ന അഭ്യൂങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്കിടയിൽ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം.
തന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബാച്ച്‌ലർ പാർട്ടിയുടെ രണ്ടാം ഭാഗമാണ് അമൽ നീരദ് പ്രഖ്യാപിച്ചത്. ബാച്ച്ലർ പാർട്ടി D’eux എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. രണ്ടാം ഭാഗത്തിലെ താരനിരയെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് വിവരം. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, നസ്ലെന്‍ എന്നീ യുവതാരങ്ങൾ ഉണ്ടായിരിക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
അതേസമയം, പ്രഖ്യാപനം വന്നതിന് പിന്നാലെ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം ആരാധകർ ആവേശത്തിലാണെങ്കിലും മമ്മൂട്ടി ആരാധകര്‍ നിരാശയിലാണ്. ‘ബിലാല്‍ ഇല്ലെങ്കില്‍ അത് പറയണം’, ‘ബിലാൽ ഇല്ലെങ്കിൽ ഇല്ല എന്ന് ഒരു പോസ്റ്റ് ഇട്ടാൽ നന്നായിരിക്കും എന്തിനാണ് പ്രതീക്ഷ കൊടുക്കുന്നത്’ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റ്
ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദ്യ ഭാഗം വൻ ഹിറ്റായിരുന്നു. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ളവർ അതിഥി താരങ്ങളായി എത്തിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും ചേർന്നായിരുന്നു രചന.