Anjali Menon: ‘എനിക്ക് പണിയറിയില്ല, പടങ്ങളൊക്കെ ഡയറക്ട് ചെയ്ത് തന്നത് വേറെയാരോ’; മറുപടിയുമായി അഞ്ജലി മേനോൻ
Anjali Menon Addresses Rumours: തനിക്ക് സിനിമയെടുക്കാൻ അറിയില്ലെന്നും തന്റെ സിനിമകള്‍ സംവിധാനം ചെയ്തത് മറ്റ് പലരുമാണെന്നും വരെ പ്രചരിപ്പിച്ചവർ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് അഞ്ജലി മേനോൻ പറയുന്നു.
തന്റെ പേരിൽ ഇൻഡസ്ട്രിയിൽ പ്രചരിച്ച കിംവദന്തികളിൽ പ്രതികരിച്ച് സംവിധായിക അഞ്ജലി മേനോൻ. തനിക്ക് സിനിമയെടുക്കാൻ അറിയില്ലെന്നും തന്റെ സിനിമകള്‍ സംവിധാനം ചെയ്തത് മറ്റ് പലരുമാണെന്നും വരെ പ്രചരിപ്പിച്ചവർ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് അഞ്ജലി മേനോൻ പറയുന്നു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ഒരു സിനിമ തുടങ്ങുമ്പോൾ തന്നെ ഇവർക്ക് വല്ലതും അറിയാമോയെന്ന് വിലയിരുത്തുന്ന അണിയറപ്രവർത്തകർ ഉണ്ടെന്ന് അഞ്ജലി മേനോൻ പറയുന്നു. എന്നാൽ, ആദ്യത്തെ ഷോട്ട് കഴിഞ്ഞാൽ ആ തോന്നൽ ഇല്ലാതാവുമെന്നും, പണിയറിയാമെന്ന് മനസ്സിലായാൽ പിന്നെ വിലയിരുത്താറില്ലെന്നും അവർ പറഞ്ഞു. തനിക്ക് പണിയറിയില്ല, പടങ്ങളൊക്കെ ഡയറക്ട് ചെയ്ത് തന്നത് വേരെ ആരൊക്കയോ ആണ് എന്ന തരത്തിലുള്ള കഥകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. പല ടെക്‌നീഷ്യന്മാരും തന്നോട് വന്ന്, നിങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളത് വേറെ എന്തൊക്കയോ കഥകളാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
കഥകൾ വിശ്വസിച്ച് തന്റെ കൂടെ ജോലി ചെയ്യുക പ്രയാസകരമാകുമെന്ന് കരുതി വന്ന്, ഒടുവിൽ ഇവിടെ എല്ലാം സുഗമമാണെന്ന് മനസിലാക്കിയ ആളുകൾ ഉണ്ടെന്നും അഞ്ജലി മേനോൻ പറയുന്നു. അതേസമയം, ‘വുമണ്‍ ഡയറക്ടര്‍’ എന്ന വിളിപ്പേരിനോട് താത്പര്യമില്ല എന്നും അഭിമുഖത്തിൽ അഞ്ജലി പറഞ്ഞു. തന്റെ ജെൻഡറിനെ എന്നും മുന്നിൽ വയ്ക്കാൻ ആഗ്രഹിക്കുന്നയാളല്ല താനെന്നും അവർ വ്യതമാക്കി.
ALSO READ: ‘ഡബ്ബിങ് പേടിയായിരുന്നു, ശബ്ദത്തിന്റെ പേരിൽ പരിഹാസം നേരിട്ടിട്ടുണ്ട്’
”സ്ത്രീയായതു കൊണ്ട് ഇങ്ങനെ ചെയ്യണം എന്ന ചിന്തയില്ല. എന്റെ ഒരു ഭാഗമാണ് ജെൻഡർ. സ്ത്രീയായതു കൊണ്ട് ഇങ്ങനെ ചിന്തിക്കണം എന്ന് കരുതിയല്ല സിനിമ ചെയ്യുന്നത്. അത് നടക്കില്ല. വുമണ്‍ ഡയറക്ടര്‍ എന്ന ടാഗിനോട് താത്പര്യമില്ല. ഞാൻ അത് പറയുന്നത് നിര്‍ത്തി. സത്യത്തില്‍ ബോക്‌സ് ഓഫീസില്‍ സിനിമ ഹിറ്റാകുന്നത് ജെൻഡർ നോക്കിയല്ലല്ലോ. സംവിധായക ആണെന്ന് കരുതി ആരും സിനിമ കാണാൻ വരില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ടാലേ സിനിമ ഹിറ്റാവുകയുള്ളൂ. എന്റെ സിനിമ ഗംഭീരമായി പരാജയപ്പെട്ട സമയത്തും ഞാൻ ഒരു വുമണ്‍ ഡയറക്ടര്‍ ആയിരുന്നു” അഞ്ജലി പറഞ്ഞു.
സ്ത്രീപക്ഷ സിനിമകളും സത്രീകള്‍ എടുക്കുന്ന സിനിമകളും വരുന്നുണ്ടെങ്കിലും എത്ര സ്ത്രീകള്‍ ആദ്യ ദിവസം, ആദ്യ ഷോയ്ക്ക് പോയി സിനിമ കാണാറുണ്ടെന്നും അഞ്ജലി ചോദിക്കുന്നു. അവർ അത് ചെയ്യുകയാണെങ്കില്‍ തന്നെ എത്രത്തോളം വ്യത്യാസം ഉണ്ടാകും. കൂടുതല്‍ സ്ത്രീപക്ഷ സിനിമകള്‍ വരണം എന്നുണ്ടെങ്കിൽ അവര്‍ പോയി കാണണം. അവര്‍ പോയി കണ്ടാല്‍ മാത്രമേ സിനിമ തിയേറ്ററില്‍ നില്‍ക്കൂ. അല്ലെങ്കിൽ, മൂന്ന് ദിവസം ഓടിയില്ലെങ്കില്‍ തന്നെ എടുത്തു മാറ്റപ്പെടും. പ്രേക്ഷകര്‍ക്കും അവരുടേതായ റോളുണ്ട് എന്നും അഞ്ജലി മേനോന്‍ പറഞ്ഞു.