Bahubali Re Release: വീണ്ടും നൂറുകോടി നേടുമോ ബാഹുബലി ദി എപിക് … റീ റിലീസ് ചെയ്യുന്നത് ഈ ദിവസം..
Baahubali: The Epic Re-Release Date: പുതിയ പതിപ്പിന് 3 മണിക്കൂർ 45 മിനിറ്റ് ആണ് ദൈർഘ്യം. റീസ്റ്റോർ ചെയ്‌ത ദൃശ്യ-ശബ്ദ മികവോടെയാണ് ചിത്രം എത്തുന്നത്. കൂടാതെ, നേരത്തെ നീക്കം ചെയ്ത ചില ഭാഗങ്ങളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈദരാബാദ്: എസ്.എസ്. രാജമൗലി – പ്രഭാസ് കൂട്ടുകെട്ടിൽ ഇന്ത്യൻ സിനിമയിൽ വിസ്മയം തീർത്ത ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ‘ബാഹുബലി: ദി ബിഗിനിങ്’, ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ എന്നീ രണ്ട് ഭാഗങ്ങളും ഒരുമിപ്പിച്ച്, ഒറ്റ ചിത്രമായി ‘ബാഹുബലി ദി എപിക്’ എന്ന പേരിലാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.
ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ ഈ സംരംഭത്തിന് തയ്യാറെടുത്തത്. ഒക്ടോബർ 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
പ്രധാന സവിശേഷതകൾ
പുതിയ പതിപ്പിന് 3 മണിക്കൂർ 45 മിനിറ്റ് ആണ് ദൈർഘ്യം. റീസ്റ്റോർ ചെയ്‌ത ദൃശ്യ-ശബ്ദ മികവോടെയാണ് ചിത്രം എത്തുന്നത്. കൂടാതെ, നേരത്തെ നീക്കം ചെയ്ത ചില ഭാഗങ്ങളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. IMAX, 4DX, D-Box, Dolby Cinema, EPIQ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രീമിയം ഫോർമാറ്റുകളിൽ ചിത്രം ആസ്വദിക്കാം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം.
Also read – കുഞ്ഞിളം കൈ തലോടി മമ്മൂട്ടി! അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
സെഞ്ച്വറി കൊച്ചുമോന്റെ നേതൃത്വത്തിലുള്ള പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസ് ആണ് ‘ബാഹുബലി – ദി എപിക്’ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.
അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ്
റീ-റിലീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കൻ ബോക്സ് ഓഫീസിൽ, പ്രീമിയർ സ്ക്രീനിംഗിനായി 120-ൽ അധികം ഷോകളിൽ നിന്ന് ഇതിനോടകം $130,000 (ഏകദേശം ₹1.14 കോടി) കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. ഇതുവരെ 6400-ഓളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഒക്ടോബർ 29-ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ഈ കണക്കുകൾ വീണ്ടും വർധിക്കുമെന്നാണ് പ്രതീക്ഷ.
അച്ഛൻ അമരേന്ദ്ര ബാഹുബലിയായും മകൻ മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സത്യരാജ് (കട്ടപ്പ), റാണാ ദഗ്ഗുബതി (ഭല്ലാലദേവ), അനുഷ്ക (ദേവസേന), തമന്ന (അവന്തിക) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2017-ൽ റിലീസ് ചെയ്ത ‘ബാഹുബലി: ദി കൺക്ലൂഷൻ’ ലോകമെമ്പാടുമായി 9000-ത്തോളം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്.