Bhagyalakshmi: ‘ദിലീപിൻറെ ഫാൻസിനെ കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടി’, വ്യാജ വാർത്തയിൽ ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി
Bhagyalakshmi Files Complaint : കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും, ഇത് തന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്.
കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും, ഇത് തന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി. യുഡിഎഫ്. കൺവീനറായ അടൂർ പ്രകാശനെതിരെ താൻ നിയമനടപടിക്കൊരുങ്ങുന്നു എന്ന തരത്തിൽ മറ്റൊരു വാർത്തയും പ്രചരിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും തന്റെ സാമൂഹിക പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നടൻ ദിലീപിന്‍റെ ആരാധകരെക്കൊണ്ട് തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് സംശയിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
പരാതിയുടെ പൂർണരൂപം:
സർ എന്റെ പേര് ഭാഗ്യലക്ഷ്മി.
കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിങ് ആര്ടിസ്റ് ആയി പ്രവർത്തിക്കുന്നു. ഈ കഴിഞ്ഞ 3 ദിവസമായി ‘തത്സമയം മീഡിയ” എന്ന ഒൺലൈൻ മീഡിയ “ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല” എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല “‘യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു” എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസ്നെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന “തത്സമയം മീഡിയ എന്ന ഈ ഓൺലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
വിശ്വസ്ഥതയോടെ
ഭാഗ്യലക്ഷ്മി. K
തിരുവനന്തപുരം.