Dileep: ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഭാഗ്യലക്ഷ്മി ഫെഫ്കയിൽനിന്ന് രാജിവെച്ചു
Dileep Case: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി...

Dileep, Bhagya Lakshmi
കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേരിലുണ്ടായിരുന്ന ആരോപണം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് കുറ്റവിമുക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നിലപാട് അറിയിച്ചിരുന്നു. വിഷയത്തിൽ ഡയറക്ടേഴ്സ് യൂണിയൻ തീരുമാനമെടുക്കുമെന്നും വിധി ന്യായത്തിലേക്ക് എത്തിയ സാഹചര്യം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. 2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു നടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷത്തിനുശേഷമാണ് ഇന്നലെ വിധി വന്നത്. കേസിൽ ഒന്നാംപ്രതി പൾസർ സുനി ആണ്. ആദ്യത്തെ 6 പ്രതികളെ മാത്രമാണ് കോടതി ശിക്ഷിച്ചത്. എട്ടാം പ്രതിയായിരുന്നു ദിലീപ് അടക്കമുള്ള വ്യക്തികളെ കോടതി വെറുതെ വിട്ടു. വിധി വന്നതിന് പിന്നാലെ ഇതിങ്ങനെ തന്നെ സംഭവിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചിരുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. താനിപ്പോൾ അതിജീവിതയ്ക്കൊപ്പം ആണ് ഉള്ളത്. അവൾക്കൊപ്പം ഇരുന്നാണ് സംസാരിക്കുന്നത്.
മറിച്ച് ഒരു വിധിയെങ്കിൽ അത്ഭുതപ്പെടും ആയിരുന്നു. മരിക്കുന്നത് വരെ അവൾക്കൊപ്പം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. വിധി വന്നതിനു പിന്നാലെ രമ്യ നമ്പീശൻ റിമ കല്ലിങ്കൽ പാർവതി തിരുവോത്ത് തുടങ്ങിയ താരങ്ങളെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിധിയിൽ ഒട്ടും സംതൃപ്തരല്ല എന്നാണ് എല്ലാവരുടെയും ഭാഗത്തെ പ്രതികരണം.. അവൾക്ക് നീതിയെ ലഭിച്ചില്ല എന്നും അവൾക്കൊപ്പം എന്നും എല്ലാവരും പ്രതികരിച്ചു. ദൈവം ഉണ്ടായിരുന്നെങ്കിൽ അല്പം മനുഷ്യത്വമെങ്കിലും ബാക്കിയുണ്ടായിരുന്നു എങ്കിൽ അനുകൂലമായ വിധി വരും എന്നായിരുന്നു പാർവതി തിരുവോത്തിന്റെ പ്രതികരണം.