Bigg Boss Malayalam Season 7: ‘ഇവിടെ പറയാൻ പോലും പറ്റാത്ത രീതിയിൽ ആക്രമിക്കുന്നു’; പിന്നിൽ പിആർ ടീമെന്ന് അക്ബർ ഖാൻ്റെ ഭാര്യ
Akbar Khans Wife Accuses Of Cyber Bullying: താൻ അതിക്രൂര സൈബർ ആക്രമണത്തിന് വിധേയയാകുന്നതായി അക്ബർ ഖാൻ്റെ ഭാര്യ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വെളിപ്പെടുത്തൽ.
തനിക്കെതിരെ പിആർ ടീമിൻ്റെ ആക്രമണമെന്ന് ബിഗ് ബോസ് മത്സരാർത്ഥിയായ അക്ബർ ഖാൻ്റെ ഭാര്യ ഡോക്ടർ ഷറീൻ ഖാൻ. ഇവിടെ പറയാൻ പോലും പറ്റാത്ത രീതിയിൽ തന്നെ ആക്രമിക്കുകയാണെന്ന് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലൂടെ ഷറീൻ ഖാൻ ആരോപിച്ചു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തുടക്കം മുതൽ തന്നെ ആക്രമണമുണ്ടായിരുന്നു. അപ്പോഴൊക്കെ ഗെയിമിൻ്റെ ഭാഗമായി എടുത്തു. ഇപ്പോൾ അത് വ്യക്തിപരമായി, വളരെ മോശമായ രീതിയിലുള്ള ആക്രമണമായി. അതും ഫേക്ക് അക്കൗണ്ടുകളിൽ നിന്ന്. ഇത് ആരുടെ പിആർ ആണെന്നും ഏത് പിആർ ആണെന്നും നമുക്കറിയാം. അതിവിടെ പറയുന്നില്ല. ഇത് സൈബർ അറ്റാക്കാണ്.




ഇത്തരം ആക്രമണങ്ങൾ കാരണമായി ആളുകൾ വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കുമൊക്കെ പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ദയവുചെയ്ത് സൈബറാക്രമണം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.
ബിഗ് ബോസിലെ കരുത്തനായ മത്സരാർത്ഥിയാണ് അക്ബർ ഖാൻ. ഫിനാലെ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അക്ബർ ടോപ്പ് ഫൈവിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഏഴ് പേരാണ് ഫിനാലെ വീക്കിൽ എത്തിയത്. അക്ബറിനൊപ്പം ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അനീഷ് എന്നിവരാണ് ഫിനാലെ വീക്കിൽ കളിക്കുക.
നേരത്തെ പുറത്തായിരുന്നവർ ഇപ്പോൾ ഹൗസിൽ തിരികെ എത്തിയിട്ടുണ്ട്. ഫിനാലെ വീക്കിൻ്റെ ഭാഗമായാണ് ഇവർ തിരികെ എത്തിയത്. ആഴ്ചകളായി ഹൗസിൽ പിആറുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. പുറത്തായവർ തിരികെ എത്തിയതോടെ വീണ്ടും പിആർ ചർച്ചകൾ കൊഴുക്കുകയാണ്. തന്നെ അനുമോളുടെ പിആർ കട്ടപ്പ എന്ന് വിളിച്ചതായി ശൈത്യ ആരോപിച്ചിരുന്നു. പലരും അനുമോളുടെ പിആറിനെപ്പറ്റിയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ബിഗ് ബോസിലെ എല്ലാവർക്കും പിആർ ഉണ്ടെന്നാണ് മറുവാദം.