Bigg Boss Malayalam Season 7: ‘സെപ്റ്റിക് ടാങ്ക്’ പ്രയോഗം; സ്ത്രീത്വത്തെ അപമാനിച്ചെന്ന് രേണു സുധി, ക്ഷമ ചോദിക്കാമെന്ന് അക്ബർ
Akbar Khan Ready to Apologize to Renu Sudhi: കഴിഞ്ഞ ദിവസം 'ഓമനപ്പേര്' എന്നൊരു ടാസ്കിന്റെ ഭാഗമായി രേണു സുധിയെ 'സെപ്റ്റിക് ടാങ്ക്' എന്ന് അക്ബർ ഖാൻ വിളിച്ചത് വലിയ വിവാദമായിരുന്നു.

അക്ബർ, രേണു സുധി
ബിഗ് ബോസ് മലയാളം സീസൺ ഏഴ് മൂന്നാം ദിവസം എത്തി നിൽക്കെ മത്സരാർത്ഥികൾ തമ്മിലുള്ള പോര് മുറുകുകയാണ്. കഴിഞ്ഞ ദിവസം ‘ഓമനപ്പേര്’ എന്നൊരു ടാസ്കിന്റെ ഭാഗമായി രേണു സുധിയെ ‘സെപ്റ്റിക് ടാങ്ക്’ എന്ന് അക്ബർ ഖാൻ വിളിച്ചത് വലിയ വിവാദമായിരുന്നു. വീട്ടുകാരിൽ നിന്നും ഇഷ്ടമില്ലാത്തതും ഇഷ്ടമുള്ളതുമായ വ്യക്തിയെ തിരഞ്ഞെടുത്ത് അവർക്ക് ഇരട്ടപ്പേരും ഓമനപ്പേരും നൽകുക എന്നതായിരുന്നു ടാസ്ക്.
ഇത്തരത്തിൽ കൂടുതൽ ഇരട്ടപ്പേരുകൾ ലഭിക്കുന്ന വ്യക്തി തനിക്ക് കിട്ടിയ പേരുകളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കണം. ശേഷം മുന്നോട്ടുള്ള ദിവസങ്ങളിൽ ആ പേരുകളിലാണ് അയാൾ അറിയപ്പെടുക. ഇത്തരത്തിൽ ഓരോരുത്തരും ഇഷ്ടമില്ലാത്തതും ഇഷ്ടമുള്ളതുമായ വ്യക്തികൾക്ക് ഓരോ പേര് നൽകി. ഇതിനിടെയാണ് അക്ബർ രേണുവിന് സെപ്റ്റിക് ടാങ്ക് എന്ന പേര് നൽകുന്നത്. എന്നാൽ, ഇത് രേണുവിനെ വല്ലാതെ വേദനിപ്പിച്ചു. നൂറയോട് ഇക്കാര്യം രേണു പറയുന്നുമുണ്ട്.
തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് സെപ്റ്റിക് ടാങ്ക് എന്ന പേര് ഇരട്ടപ്പേരായി കേൾക്കുന്നതെന്നായിരുന്നു സംഭവത്തിൽ രേണുവിന്റെ പ്രതികരണം. തന്നെ വേറെ എന്തെല്ലാം പേര് വിളിക്കാമെന്നും, ശരിക്കും ഉരുകി പോയെന്നും രേണു പറഞ്ഞു. പുറത്ത് നിന്നും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നതെന്നും, അങ്ങനെ ആരെയും വിളിക്കാൻ പാടില്ലെന്നും രേണു കൂട്ടിച്ചേർത്തു.
സ്ത്രീ അമ്മയാണെന്ന് വിശ്വസിക്കുന്ന ജനങ്ങളുള്ള കേരളത്തിൽ, അക്ബറിന്റെ വാക്കുക്കൾ സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നും അവർ പറഞ്ഞു. പങ്കാളികളില്ലാത്തവർ സമൂഹത്തിൽ നിന്നും പലതും കേൾക്കേണ്ടി വരുന്നുണ്ട്. അവരുടെ ഒരു ശബ്ദമായാണ് താൻ ഇവിടെ നിൽക്കുന്നതെന്നും നൂറയോട് രേണു പറഞ്ഞു.
ഇതിന് പിന്നാലെ, രേണുവിന് വിഷമമായെങ്കിൽ താൻ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നാണ് അക്ബർ വ്യക്തമാക്കി. ആളുടെ കയ്യിലുള്ള കണ്ടന്റുകൾ വേസ്റ്റ് എന്നാണ് താൻ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത്. വിധവമാരെ പ്രതിനിതീകരിച്ച് വന്നതാണെന്ന് തനിക്ക് അറിയില്ല. അങ്ങനെ വിശ്വസിക്കുന്നുമില്ല. ചേച്ചിക്ക് വിഷമമായിട്ടുണ്ടെങ്കിൽ സോറി പറയാൻ താൻ തയ്യാറാണ് എന്നായിരുന്നു അക്ബർ ഖാൻ ക്യാമറയുടെ മുന്നിൽ എത്തി പറഞ്ഞത്.