Chandu Salimkumar: ‘കാണാൻ കൊള്ളില്ല, കറുത്തിരിക്കുന്നത് കൊണ്ട് തമിഴ് സിനിമയിൽ രക്ഷപ്പെടുമെന്നെല്ലാം പറഞ്ഞു’; ചന്ദു സലിംകുമാർ
Chandu Salimkumar About Facing Bullying: കുട്ടിക്കാലം മുതലേ സിനിമയിൽ വരണമെന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചന്തു പറയുന്നു.

ചന്ദു സലിംകുമാർ
സിനിമയിലേക്ക് വരുന്നതിന് മുമ്പ് ധാരാളം അപമാനങ്ങളും കളിയാക്കലുകളും നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് നടൻ ചന്തു സലിംകുമാര്‍. കുട്ടിക്കാലം മുതലേ സിനിമയിൽ വരണമെന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചന്തു പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.
ചെറുപ്പത്തിൽ പലരും താൻ കാണാൻ കൊള്ളില്ല എന്ന് പറയുന്നത് കേട്ടാണ് താൻ വളർന്നതെന്ന് ചന്ദു പറയുന്നു. താൻ തമിഴ് സിനിമയിൽ രക്ഷപ്പെടുമെന്നാണ് പലരും പറഞ്ഞിരുന്നത്. താൻ രക്ഷപ്പെടണം എന്ന് കരുതിയില്ല, കറുത്തിരിക്കുന്നതിനാൽ താൻ തമിഴിൽ അഭിനയിച്ചാൽ മതി എന്നായിരുന്നു അവരുടെ ധാരണ. ഇതെല്ലാം കേട്ട്, തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും അഭിനയിക്കാൻ കഴിയില്ലെന്നുമൊക്കെ താൻ സ്വയം ചിന്തിച്ചു വെച്ചുവെന്നും ചന്ദു പറഞ്ഞു.
ഈ ചിന്തകളെല്ലാം മാറിയത് കോളേജ് സമയത്ത് ആദ്യ പ്രണയം ഉണ്ടായപ്പോഴാണെന്നും നടൻ പറയുന്നു. താൻ കാണാൻ കൊള്ളാമെന്നും തനിക്ക് അഭിനയിക്കാൻ പറ്റുമെന്നും പറഞ്ഞത് ആ കുട്ടിയാണ്. പ്രണയിക്കുന്നവർ അത്തരത്തിൽ പരസപരം സപ്പോർട്ട് ചെയ്യുമല്ലോ. അതുപോലെ ആയിരുന്നുവെന്നും ചന്ദു കൂട്ടിച്ചേർത്തു.
ALSO READ: ‘ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേൽക്കാൻ പറ്റാതെ അമ്മയെ വിളിച്ചു’; എസ്തർ അനിൽ
ഭാവിയിൽ എന്താകണമെന്ന് ചോദിക്കുമ്പോൾ ഓസ്കർ വാങ്ങണം എന്നായിരുന്നു പറയുന്നുണ്ടായിരുന്നത്. വലിയ വലിയ ആഗ്രഹങ്ങൾ ആയിരുന്നുവെന്നും അതുകേട്ട് എല്ലാവരും ചിരിക്കുമ്പോഴും ആ കുട്ടി മാത്രം ചിരിച്ചില്ലെന്നും ചന്ദു പറയുന്നു. എന്നെങ്കിലും നടക്കുമെന്ന് പറഞ്ഞ് അവൾ ധൈര്യം തന്നു. അമ്മക്ക് ശേഷം തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത് അവളായിരുന്നുവെന്നും ചന്ദു പറയുന്നു.
ചെറുപ്പം മുതൽ തന്നെ ഇത്തരം കളിയാക്കലുകളും പരിഹാസങ്ങളും കേട്ട് വളർന്നതുകൊണ്ട് തന്നെ ഇപ്പോഴുള്ള കളിയാക്കലൊന്നും തന്നെ ബാധിക്കാറില്ല. തന്നെ തെറി പറയുന്നത് പോലെ തന്നെ അച്ഛനെ തെറി പറയുന്നതും താൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ആർക്കും തളർത്താൻ കഴിയില്ല. തോല്‍ക്കാത്ത ചന്തുവെന്ന് വേണമെങ്കില്‍ പറയാമെന്നും നടൻ കൂട്ടിച്ചേർത്തു.