Chhota Bheem : ലാപതാ ലേഡീസുണ്ട്, ആട്ടമുണ്ട്, കൂടെ ഛോട്ടാ ഭീമും; ഓസ്കർ നാമനിർദ്ദേശത്തിനയച്ച സിനിമകളുടെ പട്ടിക പുറത്ത്
Chhota Bheem Oscar : 2025 ഓസ്കർ നാമനിർദ്ദേശത്തിന് പേരയച്ചതിൽ കുട്ടികളുടെ ലൈവ് ആക്ഷൻ സിനിമയായ ഛോട്ടാ ഭീം ആൻഡ് ദി കഴ്സ് ഓഫ് ദമ്യാനും. ആട്ടം, ലാപതാ ലേഡീസ്, കൽക്കി തുടങ്ങിയ സിനിമകൾക്കൊപ്പമാണ് ഛോട്ടാ ഭീമും ഇടം പിടിച്ചത്.
2025 ഓസ്കാർ പരിഗണനയ്ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലാപതാ ലേഡീസ് എന്ന സിനിമയാണ്. കിരൺ റാവു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമ റിലീസായപ്പോഴേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാപതാ ലേഡീസിനൊപ്പം ആട്ടം, ഉള്ളൊഴുക്ക്, അനിമൽ, തങ്കലാൻ തുടങ്ങിയ സിനിമകളും ഓസ്കർ നാമനിർദ്ദേശത്തിന് പേരയച്ചിരുന്നു. ഈ പേരുകളിൽ ഒരു പേര് കണ്ട് അതിശയിക്കുകയാണ് സോഷ്യൽ മീഡിയ. കുട്ടികളുടെ ലൈവ് ആക്ഷൻ സിനിമയായ ഛോട്ടാ ഭീം ആൻഡ് ദി കഴ്സ് ഓഫ് ദമ്യാൻ എന്ന സിനിമയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പട്ടികയിലെ അതിശയിപ്പിക്കുന്ന പേര്.
Chhota Bheem 😭 pic.twitter.com/1eCEc2IVDv
— Doge Das 🌚🐐 (@Bhuvanesan_) September 24, 2024
ഇന്ത്യയുടെ സ്വന്തം അനിമേഷൻ ക്യാരക്ടറായ ഛോട്ടാ ഭീം കുട്ടികൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. അനിമേഷനുകളിലൂടെ കുട്ടികളുടെ പ്രിയ സൂപ്പർ ഹീറോ ആയി മാറിയ ഛോട്ടാ ഭീമിൻ്റെ ആദ്യ ലൈവ് ആക്ഷൻ സിനിമയായിരുന്നു ഛോട്ടാ ഭീം ആൻഡ് ദി കഴ്സ് ഓഫ് ദമ്യാൻ. 2012ൽ ഇതേ പേരിൽ പുറത്തിറങ്ങിയ അനിമേഷൻ സിനിമയുടെ ലൈവ് ആക്ഷൻ സിനിമയാണ് ഇക്കൊല്ലം ഇറങ്ങിയത്. ഇതാണ് ഓസ്കർ നാമനിർദ്ദേശത്തിനുള്ള പരിഗണനയ്ക്കായി അണിയറപ്രവർത്തകർ അയച്ചത്. സിനിമ ഓസ്കർ നാമനിർദ്ദേശത്തിനയക്കാനുള്ള അണിയറപ്രവർത്തകരുടെ ധൈര്യം സമ്മതിക്കണമെന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്.
മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം തുടങ്ങി 29 സിനിമകളെ പിന്നിലാക്കിയാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഒസ്കർ എൻട്രിയായി മാറിയത്. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. 97-ാമത് ഓസ്കറില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ലാപതാ ലേഡീസ് മത്സരിക്കുക.
ഉള്ളൊഴുക്ക്, ആടുജീവിതം, ആട്ടം എന്നീ സിനിമകൾക്കൊപ്പം കാനില്‍ നേട്ടം കൊയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും മലയാള സിനിമകളായി പരിഗണനയിലുണ്ടായിരുന്നു. തമിഴില്‍ നിന്ന് തങ്കലാന്‍, വാഴൈ, മഹാരാജ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തുടങ്ങിയ സിനിമകളും ഹിന്ദിയില്‍ നിന്ന് അനിമൽ, മൈദാന്‍, സാം ബഹദൂര്‍, ചന്ദു ചാമ്പ്യൻ തുടങ്ങിയ സിനിമകളും 29 സിനിമകളിലുണ്ട്. കൽകി 2898 എഡി സിനിമയും പട്ടികയിലുണ്ട്. ഇതിനെയൊക്കെ മറികടന്നാണ് ലാപതാ ലേഡീസിൻ്റെ നേട്ടം. വിവാഹത്തിനു ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് ചിത്രത്തിന്റെ കഥ.