Mammootty: ‘സ്റ്റേജിൽ വച്ചാണ് കൊടുത്തത്, മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുമോ എന്ന സംശയമുണ്ടായിരുന്നു’
Designers About Mammootty's Viral Shirt: സോഷ്യൽ മീഡിയ വഴിയാണ് ഷർട്ട് വൈറലായത് അറിഞ്ഞത്. ധാരാളം പേർ ഓർഡർ നൽകുന്നുണ്ട്. മമ്മൂട്ടി ഷർട്ട് ധരിച്ചതിന് പിന്നാലെ ബ്രാൻഡിന് നിരവധി ഓർഡറുകളും കോളുകളും ലഭിക്കാൻ തുടങ്ങി.
സ്റ്റൈലിന്റെ കാര്യത്തിൽ എന്നും വിട്ടുവീഴ്ചയില്ലാത്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ലുക്കുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാകാറുണ്ട്. അടുത്തിടെ ‘ആശാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഇവന്റിൽ മമ്മൂട്ടി ധരിച്ച വെളുത്ത ഖാദി ഷർട്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഷർട്ടിന് പിന്നിലെ ഡിസൈനർമാരെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കണ്ണൂർ നിഫ്റ്റിലെ സഹപാഠികളായിരുന്ന ഹിബയും കൃഷ്ണയും ചേർന്നാണ് ഈ ഷർട്ട് ഡിസൈൻ ചെയ്തത്. ‘സൂ’ എന്ന ഇവരുടെ ഹാൻഡ്‌ലൂം ബ്രാൻഡിന്റേതാണ് ഈ വസ്ത്രം. ഫിലിമീബീറ്റ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വൈറൽ ഡിസൈന് പിന്നിലുള്ള കഥ പറഞ്ഞത്.
കൈരളി ടിവിയുടെ ജ്വാല എന്ന അവാർഡ് ഫംഗ്ഷന് പോയപ്പോൾ സ്റ്റേജിൽ വച്ചാണ് മമ്മൂക്കയ്ക്ക് ഷർട്ട് സമ്മാനിച്ചത്. ഈ ഷർട്ട് ഒരിക്കൽ ഞാൻ ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ധരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹിബയും കൃഷ്ണയും പറയുന്നു.
ALSO READ: റൂമിലെത്തിയത് ഫോൺ നന്നാക്കാൻ, നടിക്ക് നേരെ അതിക്രമം; ഞെട്ടിക്കുന്ന വിവരം പുറത്ത്
ഷർട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു. മുമ്പ് ഷർട്ട് നൽകിയെങ്കിലും അദ്ദേഹത്തിനത് ഇടാൻ കഴിഞ്ഞിരുന്നില്ല. ‘മതിലുകൾ’ എന്ന കൃതിയിൽ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആ കളക്ഷൻ തയ്യാറാക്കിയതെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ വഴിയാണ് ഈ ഷർട്ട് വൈറലായത് അറിഞ്ഞത്. ധാരാളം പേർ ഓർഡർ നൽകുന്നുണ്ട്. മമ്മൂട്ടി ഷർട്ട് ധരിച്ചതിന് പിന്നാലെ ബ്രാൻഡിന് നിരവധി ഓർഡറുകളും കോളുകളും ലഭിക്കാൻ തുടങ്ങി. കേരളത്തിലുള്ളവർക്കും ഇത്തരം ഡിസൈൻ ഇഷ്ടപ്പെടുമെന്ന് മനസിലായെന്നും ഹിബയും കൃഷ്ണയും പറഞ്ഞു.