Dhanush: ‘കുട്ടിക്കാലത്ത് ഇഡ്ലി വാങ്ങാൻ പണമില്ലാതെ പൂക്കൾ വിൽക്കാൻ പോയിട്ടുണ്ട്’; ചർച്ചയായി ധനുഷിന്റെ വാക്കുകൾ
Dhanush Childhood Memory Goes Viral: 'ഇഡലി കടൈ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ ധനുഷ് പങ്കുവെച്ച കുട്ടിക്കാല ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഇഡലി കടൈ’ ഒക്ടോബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. ധനുഷ് തന്നെ നായകനായെത്തുന്ന ചിത്രത്തിന്റെ രചനയിലും നിർമ്മാണത്തിലും താരം പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ ധനുഷ് പങ്കുവെച്ച കുട്ടിക്കാല ഓർമ്മകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കുട്ടികാലത്ത് എല്ലാ ദിവസവും കടയിൽ പോയി ഇഡലി കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള പണം ഉണ്ടായിരുന്നില്ലെന്ന് ധനുഷ് പറയുന്നു. ഇതിനായി പൂക്കൾ വിൽക്കാൻ പോയിട്ടുണ്ടെന്നും താരം പറഞ്ഞു. അയല്പക്കങ്ങളിൽ നിന്നാണ് പൂക്കൾ പറിച്ചിരുന്നത്. ഓരോ ദിവസവും പറിക്കുന്ന പൂക്കളുടെ അളവിന് അനുസരിച്ചായിരുന്നു പണം ലഭിച്ചിരുന്നതെന്നും നടൻ പറയുന്നു.
ഇതിനായി താനും ചേച്ചിയും കസിൻസുമെല്ലാം ചേർന്ന് നാല് മണിക്ക് എണീറ്റ് പൂ പറിക്കാനായി പോകും. അന്ന് പൂ വിറ്റാൽ രണ്ടര രൂപയൊക്കെയാണ് കിട്ടുക. അതുകൊണ്ട് കടയിൽ പോയി നാലഞ്ച് ഇഡ്‌ലികൾ കഴിക്കുമെന്നും അതിന്റെ രുചി പിന്നീട് എത്ര വലിയ റെസ്റ്റോറന്റുകളിൽ പോയിട്ടും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് ധനുഷ് പറഞ്ഞത്.
ഈ പ്രസംഗം വൈറലായതോടെ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങളും ഉയർന്നു. ഇത് അവിശ്വസിനീയമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമ സംവിധായകനായ ഒരാളുടെ മകന് ഇഡലി കഴിക്കാൻ പോലും പണമില്ലായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഒരാൾ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. എന്നാൽ, അച്ഛൻ പണം കൊടുക്കാത്തതിനാലാകാം എന്ന് പറഞ്ഞ് ധനുഷിനെ അനുകൂലിക്കുന്നവരും ഉണ്ട്.
ALSO READ: ‘ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ പറഞ്ഞു; ഏഴ് തവണ ആത്മഹത്യക്ക് ശ്രമിച്ചു’; മോഹിനി
കുട്ടികാലത്തെ കഷ്ടപ്പാടിനെ കുറിച്ചല്ല ധനുഷ് പറയാൻ ഉദ്ദേശിച്ചതെന്നും, മറിച്ച് ‘ഇഡ്ലി കടൈ’ എന്ന സിനിമയ്ക്ക് പ്രചോദനമായ ബാല്യകാല അനുഭവമാണ് പങ്കുവെച്ചതെന്നും ഒരാൾ കമന്റിൽ കുറിച്ചു. തന്റെ ബാല്യകാല അനുഭവങ്ങളാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് നേരത്തെ ധനുഷ് പറഞ്ഞിരുന്നു. ഇത്തരത്തിൽ ധനുഷിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്. കസ്തൂരി രാജ സംവിധാനം ചെയ്ത ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. നടന്റെ ജ്യേഷ്ഠൻ സെൽവരാഘവനും സംവിധായകനാണ്.