Shah Rukh Khan: 12400 കോടിയുടെ ആസ്തിയില്ലേ…? ഷാരൂഖ് ഖാൻ ആ പരസ്യത്തിൽ അഭിനയിച്ചതിൽ വിമർശനവുമായി ധ്രുവ് റാഠി
Dhruv Rathi against Shah Rukh Khan:അത് എത്രയാണെന്ന് നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയ തുകയാണ്. ആ സമ്പത്തിന്റെ പലിശയായി മാത്രം ഷാരൂഖിനെ എത്ര തുക ലഭിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ?
സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറും ആണ് ധ്രുവ് റാഠി. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് അദ്ദേഹത്തിനുള്ളത്. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന ധ്രുവ് റാഠി ഇപ്പോൾ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് എതിരെ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. പാൻ മസാല ഉല്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് എന്തിനാണ് എന്നാണ് അദ്ദഹം ഷാരൂഖ് ഖാനോട് ചോദിക്കുന്നത്. ബോളിവുഡിലെ താര രാജാവിന്റെ മൊത്തം ആസ്തിയും ചൂണ്ടിക്കാട്ടി കൊണ്ടാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.
ഷാരൂഖ് ഖാനോടുള്ള തന്റെ ചോദ്യം എന്ന തലക്കെട്ടോടെയാണ് ധ്രുവ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. ഷാരൂഖ് ഖാന്റെ ആകെ സമ്പത്ത് 12400 കോടി രൂപയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു, ഷാരൂഖാൻ ഇപ്പോൾ ശതകോടീശ്വരനായി മാറിയിരിക്കുന്നു. ശരിയാണ് കേട്ടത് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 1.4 ബില്യൺ ഡോളറിൽ എത്തി നിൽക്കുകയാണ്. അത് എത്രയാണെന്ന് നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയ തുകയാണ്. ആ സമ്പത്തിന്റെ പലിശയായി മാത്രം ഷാരൂഖിനെ എത്ര തുക ലഭിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ആഡംബര വസ്തുക്കൾ സ്വകാര്യ ജെറ്റ് അവധിക്കാല യാത്രകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ ആഡംബര ജീവിതത്തിന് എത്രതന്നെ ചെലവിട്ടു കഴിഞ്ഞാലും അതിലും എത്രയോ പണം ബാക്കി ഉണ്ടാകും.
തന്റെ ചോദ്യം ഇതാണെന്നും ഷാരൂഖ് ഖാന് അത്രയും പണം പോരേ പിന്നെ എന്തിനാണ് പാൻ മസാല പോലെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. 2014 പാൻ മസാല പരസ്യത്തിനായി 20 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലം വാങ്ങിയതെന്ന് ധ്രുവ് വെളിപ്പെടുത്തി. ഇപ്പോൾ അതിന്റെ പേരിൽ 100 മുതൽ 200 കോടി രൂപ വരെ വാങ്ങുന്നുണ്ടാവും എന്നും അദ്ദേഹം വിശദീകരിച്ചു.