Dileep: പവി കെയർടേക്കർ തിരക്കഥയിൽ ദിലീപ് ഇടപെട്ടു; ഇങ്ങനെയല്ല സിനിമ ചെയ്യാനിരുന്നത്: വെളിപ്പെടുത്തി വിനീത് കുമാർ
Dileep Pavi Caretaker Script: താൻ സംവിധാനം ചെയ്ത 'പവി കെയർടേക്കർ' എന്ന സിനിമയിൽ നായകനായ ദിലീപ് ഇടപെട്ടു എന്ന് വിനീത് കുമാർ. താൻ ഉദ്ദേശിച്ചത് പോലെയല്ല ദിലീപ് സിനിമ മനസിലാക്കിയതെന്നും അദ്ദേഹത്തിൻ്റെ ട്രാക്കിലേക്ക് താൻ പോവുകയായിരുന്നു എന്നും വിനീത് പറഞ്ഞു.

വിനീത് കുമാർ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു പവി കെയർടേക്കർ. 2022ൽ ടൊവിനോ തോമസ് നായകനായി ‘ഡിയർ ഫ്രണ്ട്’ എന്ന സിനിമ ഒരുക്കിയതിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീത് കുമാറിൻ്റെ രണ്ടാമത്തെ സിനിമയാണ് പവി കെയർടേക്കർ. സിനിമ തീയറ്ററിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ഈയിടെ, താൻ ഇങ്ങനെയല്ല സിനിമ ചെയ്യാനിരുന്നതെന്നും തിരക്കഥയിൽ ദിലീപ് ഇടപെട്ടു എന്നും വിനീത് കുമാർ ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തി.
“പാളിച്ച എന്ന് പറയാനില്ല. ഡിയർ ഫ്രണ്ട് ചെയ്യുമ്പോൾ ആ സിനിമ എന്താണെന്നും അതിൻ്റെ ഫൈനൽ ഔട്ട് എന്താണെന്നുമൊക്കെ എനിക്കറിയാമായിരുന്നു. പവി കെയർടേക്കർ ചെയ്യുമ്പോഴും അതെങ്ങനെയാണ് വരേണ്ടതെന്ന് എനിക്കറിയാമായിരുന്നു. ഞാൻ വിചാരിച്ചതുപോലെയല്ല, ദിലീപേട്ടൻ ആ സിനിമ വിചാരിച്ചത്. ദിലീപേട്ടനെപ്പോലെ ഒരു ആർട്ടിസ്റ്റ് അതിൽ വരുമ്പോൾ ഞാൻ ഇത്രയും ലൗഡായിട്ടുള്ള ഒരു സിനിമയായിരുന്നില്ല ഉദ്ദേശിച്ചത്. കുറച്ചുകൂടെ സട്ടിലായ ക്യാരക്ടറായിരുന്നു. ദിലീപേട്ടൻ അദ്ദേഹത്തിൻ്റെ ഓഡിയൻസിനെക്കൂടെ പരിഗണിക്കുന്ന രീതിയിലായിരിക്കും ആ ക്യാരക്ടർ മോൾഡ് ചെയ്യുക. ആ സിനിമ സാമ്പത്തികനഷ്ടമുണ്ടാക്കിയിട്ടില്ല. ലാഭം കിട്ടിയ സിനിമയാണ്. അതുണ്ടാക്കണമെങ്കിൽ ആ തരത്തിൽ സിനിമയെ പ്രസൻ്റ് ചെയ്യണം. അതിൻ്റെ നറേഷൻ ഞാൻ ആദ്യം വിചാരിച്ചത് പോലെ ആയിരുന്നില്ല. അത് ദിലീപ് എന്ന നടൻ വന്നതിന് പിന്നാലെയാണ്.”- വിനീത് കുമാർ പറയുന്നു.




“ചർച്ചകൾക്ക് ശേഷം ഞാൻ അദ്ദേഹത്തിൻ്റെ ട്രാക്കിലേക്ക് പോയതാണ്. ഞങ്ങൾക്കിടയിൽ തർക്കമൊന്നും ഉണ്ടായില്ല. ചില തമാശകൾ എനിക്ക് വർക്കാവാത്തത് ഞാൻ പറയുകയും വർക്കാവുമെന്ന ദിലീപേട്ടൻ്റെ ആത്മവിശ്വാസത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് ഉൾപ്പെടുത്തിയത് ഞാൻ കൂടി കൺവിൻസ് ആയതുകൊണ്ടാണ്. ഇത്തരം കോമഡി സിനിമകളിൽ അദ്ദേഹത്തിൻ്റെ എക്സ്പീരിയൻസ് എനിക്കില്ല. അദ്ദേഹത്തിലുള്ള വിശ്വാസമാണിത്. ഞങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടായിട്ടില്ല. ചില സാധനങ്ങൾ തീരെ പറ്റില്ലെന്ന് പറഞ്ഞത് മാറ്റാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.”- വിനീത് കുമാർ കൂട്ടിച്ചേർത്തു.
2024 ഏപ്രിൽ 26നാണ് പവി കെയർടേക്കർ സിനിമ റിലീസായത്. രാജേഷ് രാഘവനായിരുന്നു സിനിമയുടെ തിരക്കഥ. ദിലീപ് സ്വാതി കൊണ്ടെ, ജോണി ആൻ്റണി, രാധിക ശരത്കുമാർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്. സനു താഹിർ ക്യാമറ കൈകാര്യം ചെയ്തപ്പോൾ ദീപു ജോസഫ് ആയിരുന്നു എഡിറ്റ്. മിഥുൻ മുകുന്ദൻ സംഗീതം കൈകാര്യം ചെയ്തു. ഗ്രാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ദിലീപ് തന്നെയാണ് സിനിമ നിർമ്മിച്ചത്.