Diya Krishna: ‘എട്ട് മാസം കൊണ്ട് തട്ടിയത് 40 ലക്ഷം രൂപ’; കുറ്റം സമ്മതിച്ച് രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ്
Divya Francis Confesses The Crime: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് കുറ്റം സമ്മതിച്ചു. എട്ട് മാസത്തിനിടെ 40 ലക്ഷം രൂപയാണ് ദിവ്യയുടെ അക്കൗണ്ടിലെത്തിയത്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടത്തിയ സാമ്പത്തികത്തട്ടിപ്പിൽ കുറ്റം സമ്മതിച്ച് രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ്. സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരിയായ ദിവ്യ കുറ്റസമ്മതം നടത്തിയത്. എട്ട് മാസത്തിനിടെ 40 ലക്ഷം രൂപ തട്ടിയെടുത്തതായി ദിവ്യ പോലീസിനോട് വെളിപ്പെടുത്തി.
മൂന്ന് പ്രതികളിൽ ഏറ്റവുമധികം പണം വന്നത് ദിവ്യയുടെ അക്കൗണ്ടിലേക്കാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തട്ടിയ 40 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയെന്ന് ദിവ്യ മൊഴിനൽകി. കഴിഞ്ഞ ദിവസമാണ് രണ്ടാം പ്രതിയായ ദിവ്യ ഫ്രാൻസിസ് കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീതയും രാധാകുമാരിയും നേരത്തെ കീഴടങ്ങിയിരുന്നെങ്കിലും ദിവ്യ ഒളിവിലായിരുന്നു. മറ്റ് പ്രതികൾ നേരത്തെ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. ക്യുആർ കോഡ് വഴി പണം തട്ടിയെന്നാണ് ഇരുവരും സമ്മതിച്ചത്.
ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ജുവല്ലറി സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. സ്ഥാപനത്തിൻ്റെ ക്യുആർ കോഡ് മാറ്റി സ്വന്തം ക്യുആർ കോഡ് പതിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യ ഘട്ടത്തിൽ പ്രതികൾ ആരോപണങ്ങളൊക്കെ നിഷേധിച്ചു. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശനെതിരെ പ്രതികൾ ആരോപണമുന്നയിക്കുകയും ചെയ്തു. എന്നാൽ, ജീവനക്കാരികൾ പണം തട്ടിയെന്ന് തെളിഞ്ഞതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ആഴ്ച രണ്ട് പ്രതികൾ കീഴടങ്ങി.
ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങളൊക്കെ നോക്കിനടത്തിയിരുന്നത് ഈ മൂന്ന് പേരും ചേർന്നാണ്. തട്ടിയെടുത്ത പണം മൂന്ന് പേരും ചേർന്ന് പങ്കിട്ടെടുത്തു. ഈ പണം ഉപയോഗിച്ച് ഇവർ സ്വർണവും വാഹനവുമൊക്കെ വാങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.