Diya Krishna: ‘പണം ഉപയോഗിച്ച് സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി’; ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ കുറ്റം സമ്മതിച്ചു
Diya Krishna OhByOzy Theft Update: 40 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് ഇതിനോടകം കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വര്‍ണവും സ്‌കൂട്ടറും വാങ്ങിച്ചുവെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ മുന്‍ ജീവനക്കാരികള്‍ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്ന കാര്യം പ്രതികള്‍ സമ്മതിച്ചത്.
40 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് ഇതിനോടകം കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വര്‍ണവും സ്‌കൂട്ടറും വാങ്ങിച്ചുവെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസിലെ രണ്ടാം പ്രതിയായ രാധയുടെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് നടത്തി കിട്ടിയ പണം പ്രതികള്‍ പങ്കിട്ടെടുക്കുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.




ദിയയുടെ ഓബൈഓസി എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായിരുന്ന വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. മൂവരും ചേര്‍ന്ന് ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതി. 69 ലക്ഷം രൂപ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു.
സ്ഥാപനത്തില്‍ നിന്ന് പ്രതികള്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ ബാങ്ക് രേഖകള്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്യുന്നു. ദിയ ഗര്‍ഭിണിയായതിന് പിന്നാലെ സ്ഥാപനത്തിലെ പല കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ജീവനക്കാരികള്‍ ചേര്‍ന്നാണ്.
കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവര്‍ക്ക് സ്വന്തം ക്യൂ ആര്‍ കോഡായിരുന്നു ഇവര്‍ നല്‍കിയിരുന്നത്. സാധനങ്ങള്‍ മറിച്ച് വിറ്റതായും ദിയ പറഞ്ഞിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ദിവ്യയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.