Lokah Movie Controversy: ‘ലോക’യിലെ വിവാദ സംഭാഷണം നീക്കം ചെയ്യുമെന്ന് ദുൽഖർ; കന്നഡികരുടെ വികാരം വ്രണപ്പെടുത്തി?
Dulquer Salmaan to Remove Controversial Dialogue from Lokah: ഓഫീസർ ഓൺ ഡ്യൂട്ടി', 'ആവേശം', 'ലോക' എന്നീ ചിത്രങ്ങൾ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചുവെന്നും മലയാള സിനിമകൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബംഗളുരുവിലെ സംഘടനകൾ പോലീസിൽ പരാതിയിൽ നൽകിയത്.

ദുൽഖർ സൽമാൻ, 'ലോക' പോസ്റ്റർ
ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ നായികയായി എത്തിയ ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിലെ ചില സംഭാഷണങ്ങൾ കന്നഡികരുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ക്ഷമ ചോദിച്ച് നിർമ്മാതാക്കളായ വേഫെറർ ഫിലിംസ്. സിനിമയിലെ ഒരു സംഭാഷണമാണ് വിവാദമായി ഉയർന്നുവന്നതെന്നും, ആരെയും മനഃപൂർവ്വം മോശക്കാരാക്കാൻ ശ്രമിച്ചിട്ടില്ലെന്നും വേഫെറർ ഫിലിംസ് വിശദീകരണം നൽകി. സിനിമയിൽ നിന്നും സംഭാഷണം ഉടൻ നീക്കം ചെയ്യുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
“എല്ലാത്തിനുമുപരി തങ്ങൾ പരിഗണന നൽകുന്നത് മനുഷ്യർക്കാണ്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ ഖേദം അറിയിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്തുത ഡയലോഗ് ഉടൻ നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും” എന്നാണ് വേഫെറർ ഫിലിംസ് പ്രസ്താവനയിൽ വിശദീകരിച്ചത്.
‘ലോക’യിലെ ഒരു സംഭാഷണം ബെംഗളൂരുവിനെയും അവിടുത്തെ യുവതികളേയും മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ഉയർന്ന ആക്ഷേപം. ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ആവേശം’, ‘ലോക’ എന്നീ ചിത്രങ്ങൾ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചുവെന്നും മലയാള സിനിമകൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബംഗളുരുവിലെ സംഘടനകൾ പോലീസിൽ പരാതിയിൽ നൽകിയത്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കർണ്ണാടക സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ അറിയിച്ചിട്ടുണ്ട്.
ALSO READ: നസ്ലെന്റെ പോസ്റ്റിന് താഴെ ദുൽഖർ സൽമാന്റെ കിടിലൻ കമന്റ്; നിറകണ്ണുകളുമായി താരം
അതേസമയം, ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തിയ ‘ലോക’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 80 കോടി രൂപ നേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പ് തുടരുകയാണ് ചിത്രം. ചിത്രത്തിന് വമ്പൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. കല്യാണി പ്രിയദർശന് പുറമെ നസ്ലെൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.