Eko Movie: ‘എക്കോയിൽ ആ തെറ്റ് ആരും ശ്രദ്ധിച്ചില്ല, പക്ഷേ അവർ കണ്ടെത്തി’; സജീഷ് താമരശ്ശേരി
‘Eko’ Art Director Sajeesh: ഒരു യൂട്യൂബ് ചാനലാണ് ഈ പിഴവ് കണ്ടുപിടിച്ചതെന്നും ഇതിന് പിന്നിലെ കാരണവും അദ്ദേഹം വിവരിച്ചു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിയേറ്ററുകളിൽ വൻ വിജയം നേടിയതിനു ശേഷം ഇപ്പോൾ ഒടിടിയിലും പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് എക്കോ. ബാഹുൽ രമേശ് രചിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്‌ദേവ, അശോകൻ, ബിനു പപ്പു, നരെയ്ൻ, ബിയാന മോമി തുടങ്ങിയ മലയാളി താരങ്ങൾ അണിനിരന്നിട്ടുണ്ട്. സജീഷ് താമരശ്ശേരിയായിരുന്നു എക്കോയുടെ ആർട്ട് ഡയറക്ടർ.
ഇപ്പോഴിതാ ചിത്രത്തിൽ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് പറയുകയാണ് സജീഷ്. ഏറെയാരും ശ്രദ്ധിക്കാതെപോയ ആ തെറ്റ് അവർ കണ്ടെത്തിയെന്നാണ് സജീഷ് പറയുന്നത്. ഒരു യൂട്യൂബ് ചാനലാണ് ഈ പിഴവ് കണ്ടുപിടിച്ചതെന്നും ഇതിന് പിന്നിലെ കാരണവും അദ്ദേഹം വിവരിച്ചു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇവരൊക്കെയുള്ള കാലത്ത് നമ്മളിതൊക്കെ നോക്കിയില്ലേൽ വലിയ പ്രശ്‌നമാണെന്നാണ് സജീഷ് പറയുന്നത്. മച്ചിന്റെ പുറത്ത് പിയൂസ് കഥ എഴുതിയിട്ട് പായ പൊക്കി ഒരു ബുക്കിന്റെ അകത്തേക്ക് ആ പേപ്പർ വെച്ച് മടക്കി അവിടെ കിടന്നുറങ്ങുന്ന സീനാണ്. ആ ചാനലുകാരൻ ചോദിക്കുകയാണ്, ഈ സീനിൽ പായ പൊക്കി ബുക്കിന്റെ അകത്ത് വെക്കുന്ന സമയത്ത് പോസ് ചെയ്ത് അത് സൂം ചെയ്തു. എന്നിട്ട്, 2025 ഫെബ്രുവരിയിലെ ഇന്ന മാസികയിലെ പ്രിന്റാണിത്, ഇതൊക്കെ ശ്രദ്ധിക്കാമായിരുന്നു എന്നാണ് പറഞ്ഞത്.
പറഞ്ഞത് സത്യമാണെന്നും എന്നാൽ ഇത്തരം ചെറിയ ഡീറ്റെയിലുകളിലേക്ക് നമുക്ക് എത്തണമെങ്കിൽ അതിനനുസരിച്ച് സമയം നമുക്ക് വേണം. നമുക്ക് അത്ര സമയം കിട്ടുന്നില്ലല്ലോ. മ്ലാത്തി ചേട്ടത്തിയുടെ വീടാണെങ്കിൽ പോലും അത് സെറ്റ് വർക്കിന് താൻ ഇറങ്ങുന്നത് ഷൂട്ടിങ്ങിന് 19 ദിവസം മുമ്പാണെന്നാണ് സജീഷ് താമരശ്ശേരി പറഞ്ഞു.