5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mammootty Kampany : റോർഷാക്കിൽ തുടങ്ങി ടർബോ വരെ നീളുന്ന യുണിക്ക് ഫിലിമോഗ്രാഫി; മമ്മൂട്ടിക്കമ്പനി മലയാള സിനിമയ്ക്ക് നൽകുന്നത്

Exploring Mammootty Kampany : റോർഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ടർബോ. വെറും അഞ്ച് സിനിമകളാണ് മമ്മൂട്ടിക്കമ്പനിയുടെ പ്രായം. എന്നാൽ, ഇക്കാലം കൊണ്ട് തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമാ നിർമാണക്കമ്പനിയാവാൻ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസിന് കഴിഞ്ഞു.

Mammootty Kampany : റോർഷാക്കിൽ തുടങ്ങി ടർബോ വരെ നീളുന്ന യുണിക്ക് ഫിലിമോഗ്രാഫി; മമ്മൂട്ടിക്കമ്പനി മലയാള സിനിമയ്ക്ക് നൽകുന്നത്
മമ്മൂട്ടി കമ്പനി
Follow Us
abdul-basithtv9-com
Abdul Basith | Updated On: 06 Sep 2024 13:41 PM

നിർമ്മാണം ‘മമ്മൂട്ടിക്കമ്പനി’ എന്ന് കാണുമ്പോൾ ഇന്ന് പ്രേക്ഷകർക്ക് ലഭിക്കുന്നത് ക്വാളിറ്റിയുള്ള സിനിമയെന്ന പ്രതീതിയാണ്. 2022ൽ റിലീസായ റോർഷാക്ക് എന്ന ചിത്രം മുതൽ 2024ൽ പുറത്തിറങ്ങിയ ടർബോ വരെ നീളുന്ന യുണിക്ക് ഫിലിമോഗ്രാഫി തന്നെയാണ് അതിൻ്റെ ഉദാഹരണം. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ഉള്ളടക്കത്തിലും (ഇതുവരെ) വിട്ടുവീഴ്ചയില്ലാത്ത, നല്ല സിനിമകൾ നൽകാൻ ശ്രമിക്കുന്നൊരു നിർമാണക്കമ്പനി.

കേരളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ തൊഴിലെടുക്കുന്ന ഒരു നടന് ലഭിക്കാവുന്ന എല്ലാ നേട്ടങ്ങളും, അതിനപ്പുറവും സ്വന്തമാക്കിക്കഴിഞ്ഞാണ് മമ്മൂട്ടി, മമ്മൂട്ടിക്കമ്പനി എന്ന പേരിൽ നിർമാണക്കമ്പനി അവതരിപ്പിക്കുന്നത്. മുൻപും പുതുമുഖ സംവിധായകരെ അവതരിപ്പിക്കാൻ ഉത്സാഹം കാണിച്ചിരുന്ന മമ്മൂട്ടി, നിർമാണക്കമ്പനി തുടങ്ങിയപ്പോഴും അതേ പതിവ് തുടർന്നു. മേക്കിംഗിലെ പുതുമ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട റോർഷാക്ക് ആയിരുന്നു ആദ്യ സിനിമ. പുതുമുഖം നിസാം ബഷീർ സംവിധാനം. മികച്ച തിരക്കഥയും മേക്കിംഗും കൊണ്ട് സിനിമാസ്വാദർക്കിടയിൽ വേറിട്ട സ്ഥാനമുള്ള സിനിമയിൽ മമ്മൂട്ടിയുടെയും ബിന്ദു പണിക്കരിൻ്റെയും തകർപ്പൻ പ്രകടനങ്ങൾ കണ്ടു. ടെക്നിക്കലി റിച്ചായ സിനിമ മലയാളത്തിലെ എണ്ണം പറഞ്ഞ റിവഞ്ച് ത്രില്ലറുകളിൽ ഒന്ന്. ഹോളിവുഡ് സ്റ്റൈൽ മേക്കിംഗിനെ കൃത്യമായി സപ്പോർട്ട് ചെയ്യുന്ന കഥാപാത്രങ്ങളും കഥാപരിസരവും സംഗീതവും കളർ ടോണും. കന്നി സിനിമയിൽ തന്നെ മമ്മൂട്ടിക്കമ്പനി സ്റ്റാൻഡേർഡ് സെറ്റ് ചെയ്തു. ലൂക്ക് ആൻ്റണിയുടെ പ്രതികാരം പറയുന്ന സിനിമയ്ക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്ന പൊതുവായ വിലയിരുത്തലുമുണ്ട്. എന്തായാലും റോർഷാക്ക് മമ്മൂട്ടിക്കമ്പനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമായി.

Also Read : Mammootty Company 6th movie: ടർബോയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രമെത്തുന്നു; ​സംവിധാനം ഗൗതം മേനോൻ

റോർഷാക്കിന് ശേഷം, 2023ൽ നൻപകൽ നേരത്ത് മയക്കം പുറത്തിറങ്ങി. അതിന് തൊട്ടുമുപുള്ള വർഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയ നൻപകൽ ഒരു കമേഴ്സ്യൽ സിനിമ അല്ലാതിരുന്നത് കൊണ്ട് തന്നെ തീയറ്റർ റിലീസിൽ പണക്കിലുക്കമുണ്ടാക്കിയില്ല. എന്നാൽ, സിനിമാസ്വാദകർക്കും നിരൂപകർക്കും നൻപകൽ നേരത്ത് മയക്കം വേറിട്ട അനുഭവം സമ്മാനിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ക്രാഫ്റ്റ് മമ്മൂട്ടിയെന്ന അനശ്വര നടനിലൂടെ വെള്ളിത്തിരയിലെത്തിയപ്പോൾ സിനിമാപ്രേമികൾക്ക് ലഭിച്ചത് മറ്റൊരു അവിസ്മരണീയ അനുഭവം. ജെയിംസ്, സുന്ദരം എന്നീ ഇരട്ട വേഷങ്ങൾ അതിൻ്റെ എല്ലാ വ്യത്യസ്തതയോടും വൈകാരികതയോടും സ്ക്രീനിലെത്തിച്ച മമ്മൂട്ടി തൻ്റെ തിരഞ്ഞെടുപ്പിനെ ഒരിക്കൽ കൂടി ന്യായീകരിച്ചു. സുന്ദരത്തിലേക്കുള്ള ജെയിംസിൻ്റെ പരകായപ്രവേശം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. റോർഷാർക്കിന് ശേഷം വളരെ വ്യത്യസ്തമായ ടെംപ്ലേറ്റിലുള്ള നൻപകൽ നേരത്ത് മയക്കം കൂടി ആയതോടെ മമ്മൂട്ടിക്കമ്പനി ട്രാക്കിലായി. സിനിമയുടെ മേക്കിങ്ങിൽ വിട്ടുവീഴ്ചയില്ലാത്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഭാവനയും കഥപറച്ചിലും സിനിമയുടെ നിലവാരത്തെ ഏറെ ഉയർത്തി.

പിന്നാലെ കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഹീറോയിസവും റിയാലിറ്റിയും വളരെ കൃത്യമായി ബ്ലെൻഡ് ചെയ്ത സിനിമയായിരുന്നു. തിക്രി ഗ്രാമത്തിൽ പെട്ടുപോകുന്ന ജോർജ് മാർട്ടിൻ തകർന്നുവീഴുന്ന കെട്ടിടത്തിനും അഗ്നിക്കുമിടയിലൂടെ പുറത്തേക്ക് വരുന്ന അതേ സിനിമയിലാണ് അയാൾ ഇടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഹീറോയ്ക്ക് ‘ചേരാത്ത’ മാർഗങ്ങളുപയോഗിക്കുന്നത്. വളരെ ഹീറോയിക്ക് ആയ ഒരു ഓപ്പറേഷൻ്റെ റിയലസ്റ്റിക്കായ അവതരണമായിരുന്നു കണ്ണൂർ സ്ക്വാഡ്. അതിലും മമ്മൂട്ടിയെന്ന നടനെ സംവിധായകൻ ഉപയോഗിച്ചത് ഫലപ്രദമായാണ്. മമ്മൂട്ടിക്കൊപ്പം മറ്റ് പലരുടെയും നല്ല പ്രകടനങ്ങളും ടെക്നിക്കൽ പെർഫക്ഷനും കൂടിയായപ്പോൾ കണ്ണൂർ സ്ക്വാഡും മമ്മൂട്ടിക്കമ്പനിയ്ക്ക് നല്ല പേര് സമ്മാനിച്ചു.

ശേഷം വന്ന കാതൽ പുരോഗമന കേരളത്തിൽ ബ്രഹത്തായ ചർച്ചകളുണ്ടാക്കിയ സിനിമയാണ്. എഴുത്തിൽ ചില പരിമിതകളുണ്ടായിട്ടും സിനിമയുടെ ആത്മാവ് മലയാളി ഒരു മുഖ്യധാരാ സിനിമയിലും ഇന്നോളം കണ്ടിട്ടില്ലാത്തതായിരുന്നു. സ്വവർഗാനുരാഗിയായ വിവാഹിതനും അവൻ്റെ ജീവിതത്തിലെ വീർപ്പുമുട്ടലുകളും കാതൽ തുറന്നുവച്ചപ്പോൾ പിറന്നത് മറ്റൊരു മനോഹര സിനിമ. മാത്യു ദേവസ്സിയുടെ നിസ്സഹായത മമ്മൂട്ടിയിൽ ഭദ്രമായിരുന്നു. അയാളുടെ ചില ചലനങ്ങൾ, ചില സംഭാഷണങ്ങൾ, ചില നോട്ടങ്ങൾ. ഒരു പുരുഷായുസത്രയും ഒരു വീട്ടിൽ ഒരു കിടക്കയിൽ വീർപ്പുമുട്ടിക്കഴിയേണ്ടിവന്ന മാത്യു ദേവസ്സി പലപ്പോഴും ഗ്രേ ഷേഡിൽ പോലുമല്ലെന്നതായിരുന്നു സിനിമയുടെ വിജയം. നെഗറ്റീവ് ഷേഡിലായിരുന്നു അയാൾ അധികവും. ഒരുപക്ഷേ, തൻ്റെ നിസ്സഹായത എങ്ങനെ പറയണമെന്ന് പോലും അറിയാതെ, വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ ഹാൻഡ് ബാഗ് പിടിച്ച് നിശബ്ദനായി കോടതിമുറിയിൽ നിൽക്കുന്ന മാത്യു ദേവസ്സിയുടെ ഫ്രെയിം സമീപകാലത്തെ ഏറ്റവും ലൗഡായ പ്രഖ്യാപനമായിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ മേക്കിംഗിൽ വലിയ പുതുമകളില്ലെങ്കിലും അത്തരമൊരു പ്രമേയമെടുത്ത് അവതരിപ്പിക്കാൻ തയ്യാറായി എന്നത് മമ്മൂട്ടിക്കമ്പനിയുടെ വിജയമായിരുന്നു.

Also Read : Turbo OTT: ടർബോ ഒടിടിയിൽ നേരത്തെ എത്തി, എങ്ങനെ കാണാം

അവസാനമിറങ്ങിയ ടർബോ ആണ് മമ്മൂട്ടിക്കമ്പനി പുറത്തിറക്കിയ സിനിമകളിൽ ഏറെ പരിചിതരായ പല പേരുകളുമുള്ളത്. മിഥുൻ മാനുവലിൻ്റെ എഴുത്ത്, വൈശാഖിൻ്റെ സംവിധാനം. മമ്മൂട്ടിക്കമ്പനി ആദ്യമായി ഇറക്കിയ പൂർണാർത്ഥത്തിലുള്ള കൊമേഴ്സ്യൽ സിനിമ. സ്ഥിരം ടെംപ്ലേറ്റിലും മേക്കിംഗിലെ രസവും മമ്മൂട്ടിയുടെ പ്രകടനവുമൊക്കെക്കൊണ്ട് കണ്ടിരിക്കാവുന്ന ടർബോ ആവണം ആ ബാനറിന് ചേരാത്ത സിനിമയെന്ന തോന്നലുണ്ടാക്കിയത്. എങ്കിലും സിനിമ അത്ര മോശമല്ല.

ഇനി മമ്മൂട്ടിക്കമ്പനി വരുന്നത് ഗൗതം വാസുദേവ് മേനോനുമായാണ്. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ആദ്യ സിനിമ. ഏറെ പ്രതീക്ഷ നൽകുന്ന കോമ്പോ.

1980ൽ മോഹൻലാലുമൊത്ത് കാസിനോ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണക്കമ്പനിയുണ്ടാക്കി നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്ം അടിയൊഴുക്കുകൾ തുടങ്ങിയ സിനിമകൾ പുറത്തിറക്കിയ ശേഷം 2009ലാണ് മമ്മൂട്ടി വീണ്ടും നിർമാതാവിൻ്റെ കുപ്പായമണിയുന്നത്. പ്ലേ ഹൗസ് എന്ന പേരിൽ നിർമാണ – വിതരണക്കമ്പനി തുടങ്ങിയെങ്കിലും ബാനറിൽ വന്ന സിനിമകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് ആണ് ഒരു അപവാദം.

Latest News