Vinay Fort-Fahadh Faasil: ‘ഫഹദിന് സ്മാർട്ട് ഫോണും ഇൻസ്റ്റഗ്രാമും ഇല്ല, ഉപയോഗിക്കുന്നത് ചെറിയൊരു ഫോൺ’; വിനയ് ഫോർട്ട്
Fahadh Faasil Does not Use a Smartphone or Instagram: നമ്മൾ കൂടുതൽ സമയം പാഴാക്കി കളയുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നും ഈയൊരു കാര്യത്തിൽ തനിക്ക് ഫഹദ് ഫാസിലിനോട് അസൂയ ഉണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു.
സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസിൽ എന്ന് പറയുകയാണ് നടൻ വിനയ് ഫോർട്ട്. നമ്മൾ കൂടുതൽ സമയം പാഴാക്കി കളയുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നും ഈയൊരു കാര്യത്തിൽ തനിക്ക് ഫഹദ് ഫാസിലിനോട് അസൂയ ഉണ്ടെന്നും നടൻ പറയുന്നു. ഒരു സ്റ്റാർ ആയിട്ട് സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണും ഉപേക്ഷിക്കണമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്.
“ഞാൻ ഒരുപാട് സമയം മൊബൈലിൽ പാഴാക്കുന്നുണ്ട്. ഫഹദ് ഫാസിലിന് സ്മാർട്ട് ഫോൺ ഇല്ല. ചെറിയൊരു ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഒന്നുമില്ല. ആ കാര്യത്തിൽ എനിക്ക് ഫഹദിനോട് അസൂയ ഉണ്ട്. എന്നെങ്കിലും ഒരു സ്റ്റാർ ആകുമ്പോൾ ഇതുപോലെ സ്മാർട്ട് ഫോൺ ഉപേക്ഷിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത്. ആളുകൾ വിളിക്കുമ്പോൾ മാത്രം ഫോൺ എടുക്കണം സംസാരിക്കണം.
ഇൻസ്റ്റാഗ്രാമിലെ നമ്മുടെ ഫീഡിൽ എല്ലാ ആവശ്യമില്ലാത്ത കണ്ടെന്റുകളും വരും. ഉപയോഗിക്കാത്ത ആളുകളെ പോലും ആഘോഷിക്കുന്ന ഇടം ആണ് സോഷ്യൽ മീഡിയ. അവിടെ കല, സത്യസന്ധത അതിനൊന്നും ഒരു വിലയും ഇല്ല. ഇതെല്ലം കണ്ടതിന് ശേഷം ഞാൻ എന്നോട് തന്നെ ചോദിക്കും, ഇത് എന്തിനാ കണ്ടത് എന്ന്. സ്റ്റാർ ആയ ശേഷം സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ നിൽക്കുകയാണ്. പക്ഷെ നടക്കുന്നില്ല” വിനയ് ഫോർട്ട് പറഞ്ഞു.
അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഉടൻ റിലീസിന് ഒരുങ്ങുന്ന് ഈ ചിത്രത്തില്‍ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദിന്റെ ചേട്ടനായാണ് സിനിമയിൽ എത്തുന്നതെന്ന് വിനയ് തന്നെ പറഞ്ഞിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഫഹദിനും വിനയ് ഫോർട്ടിനും പുറമെ, കല്യാണി പ്രിയദർശൻ, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം.