Fahadh Faasil: ഫഹദ് ഫാസിൽ നഷ്ടപ്പെടുത്തിയത് ടോം ക്രൂസിനൊപ്പം അഭിനയിക്കാനുള്ള അവസരം?; ഇനാരിറ്റുവിൻ്റെ അടുത്ത സിനിമ ഇത്
Fahadh Faasil And Tom Cruise: അലഹാൻഡ്രോ ഇനാരിറ്റുവിൻ്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം താൻ വേണ്ടെന്ന് വച്ചെന്ന് ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു. ടോം ക്രൂസ് നായകനായ സിനിമയാണ് ഇതെന്ന് സൂചനയുണ്ട്.

ഫഹദ് ഫാസിൽ, ടോം ക്രൂസ്
അലഹാൻഡ്രോ ഗോൺസാലസ് ഇനാരിറ്റുവിൻ്റെ ഓഫർ വേണ്ടെന്ന് വച്ചതോടെ ഫഹദ് ഫാസിൽ നഷ്ടപ്പെടുത്തിയത് ടോം ക്രൂസിനൊപ്പം അഭിനയിക്കാനുള്ള അവസരമെന്ന് സൂചന. അഞ്ച് തവണ ഓസ്കർ നേടിയ ഇനാരിറ്റുവിൻ്റെ അടുത്ത സിനിമ 2026ലാണ് റിലീസാവുക. ഈ സിനിമയിൽ ടോം ക്രൂസാണ് പ്രധാന താരം.
ജൂഡി എന്ന സിനിമയുടെ കഥയും അലഹാൻഡ്രോ ഇനാരിറ്റുവിൻ്റേത് തന്നെയാണ്. ബ്ലാക്ക് കോമഡി വിഭാഗത്തിലുള്ള സിനിമയാണ് ഇത് എന്ന് ഇനാരിറ്റു തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇനാരിറ്റുവിനൊപ്പം സബീന ബെർമൻ, അലക്സാണ്ടർ ദിനെലരിസ് ജൂനിയർ, ഇനാരിറ്റുവിൻ്റെ തന്നെ ബേർഡ്മാന് തിരക്കഥയൊരുക്കിയ നിക്കോളാസ് ഗിയാകോബോൺ എന്നിവർ ചേർന്നാണ് ജൂഡിയ്ക്ക് തിരക്കഥ എഴുതുന്നത്. ഇനാരിറ്റുവും ടോം ക്രൂസും ചേർന്നാണ് നിർമ്മാണം. മൂന്ന് ഓസ്കർ പുരസ്കാരങ്ങൾ നേടിയ ഇമ്മാനുവൽ ലുബെസ്കിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക.
ടോം ക്രൂസിനൊപ്പം ജെസ്സി പ്ലിമൺസ്, സാന്ദ്ര ഹുള്ളർ, റിസ് അഹ്മദ് തുടങ്ങി ശ്രദ്ധേയ താരങ്ങളും ജൂഡിയിൽ വേഷമിടും. റിസ് അഹ്മദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്കാണ് ഫഹദിനെ പരിഗണിച്ചിരുന്നത് എന്നാണ് സൂചനകൾ. കാഴ്ചയിലും വംശീയമായും റിസും ഫഹദും ഏറെക്കുറെ ഒരുപോലെയാണ്. റിസിൻ്റെ മാതാപിതാക്കൾ പാകിസ്താനിൽ നിന്ന് ബ്രിട്ടണിലേക്ക് കുടിയേറിയവരാണ്. 2026 ഒക്ടോബർ രണ്ടിന് സിനിമ തീയറ്ററുകളിലെത്തും.
തൻ്റെ ഇംഗ്ലീഷ് സ്ലാങ് സംവിധായകന് പ്രശ്നമായിരുന്നു എന്ന് ഫഹദ് പറഞ്ഞിരുന്നു. അത് ശരിയാക്കുന്നതിനായി അമേരിക്കയിൽ പോയി മൂന്നര മാസം, നാല് മാസം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശമ്പളം തരില്ല. അക്കാരണങ്ങൾ കാരണമാണ് താൻ സിനിമ വിട്ടത്. ആക്സൻ്റിന് വേണ്ടി അത്രയും മെനക്കെടാനുള്ള ഫയർ തനിക്ക് തോന്നിയില്ല എന്നും ഫഹദ് അഭിമുഖത്തിൽ വിശദീകരിച്ചു. ഫഹദിൻ്റെ വിശദീകരണത്തിൽ സോഷ്യൽ മീഡിയ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.