Greeshma Bose: ‘ബോഡി ഷെയിമിങ് തമാശകളൊക്കെ വളരെയധികം ബാധിച്ചിട്ടുണ്ട്’; പത്താം ക്ലാസ് വരെ ആരോടും മിണ്ടില്ലായിരുന്നു എന്ന് ഗ്രീഷ്മ ബോസ്
Greeshma Bose About Body Shaming Experiance: ബോഡി ഷെയിമിങ് തമാശകൾ കാരണം പത്താം ക്ലാസ് വരെ താൻ ആരോടും മിണ്ടാറില്ലായിരുന്നു എന്ന് ഗ്രീഷ്മ ബോസ്. ഒരു പോഡ്കാസ്റ്റിലാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ.
ബോഡി ഷെയിമിങ് തമാശകളൊക്കെ തന്നെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് യൂട്യൂബർ ഗ്രീഷ്മ ബോസ്. പത്താം ക്ലാസ് വരെ താൻ ആരോടും മിണ്ടാറില്ലായിരുന്നു എന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റിലാണ് ഗ്രീഷ്മയുടെ തുറന്നുപറച്ചിൽ. ഇൻസ്റ്റഗ്രാമിൽ ഗ്രീഷ്മ ബോസിന് ഒരുപാട് ആരാധകരുണ്ട്.
“വളരെയധികം ബാധിച്ചിട്ടുണ്ട്. പത്താം ക്ലാസ് വരെ ഞാൻ ഒരാളോടും മിണ്ടില്ലായിരുന്നു. എനിക്ക് മിണ്ടാൻ പേടിയായിരുന്നു. മിണ്ടിക്കഴിഞ്ഞാൽ ഇവർ കളിയാക്കുമോ ഇല്ലയോ എന്ന് തോന്നും. എൻ്റെ ക്ലാസിൽ എനിക്ക് നല്ല പൊക്കവും വണ്ണവുമുണ്ടായിരുന്നു. ബാക്കി കുട്ടികളെക്കാൾ വലിയ ഒരാളായിരുന്നു ഞാൻ. അതിൻ്റെ പേരിൽ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. എൻ്റെ ക്ലാസിൽ പഠിക്കുന്ന കുട്ടികളും ജൂനിയേഴ്സും ‘തടിച്ചി’ എന്നൊക്കെ വിളിച്ച് കളിയാക്കുമായിരുന്നു. അങ്ങനെ നമ്മൾ മൊത്തത്തിലൊന്ന് ഒതുങ്ങിപ്പോയി. ക്ലാസിൽ നിന്ന് പുറത്തിറങ്ങാത്ത ഒരു ടൈപ്പായിപ്പോയി. അധികം സംസാരിക്കാത്ത ഒരു ടൈപ്പായിപ്പോയി. ഒരു കൂട്ടത്തിലിരുന്നാൽ അവിടെ ഇരിക്കും. സംസാരിക്കില്ല. സംസാരിക്കുമ്പോൾ ഇവരൊക്കെ നമ്മളെ ശ്രദ്ധിക്കില്ലേ. ശ്രദ്ധിച്ചുകഴിഞ്ഞാൽ ഇവർ നമ്മളെ എന്തെങ്കിലും കമൻ്റടിച്ചാലോ എന്ന് പേടിച്ചിട്ട് നമ്മൾ അങ്ങ് മിണ്ടാതിരിക്കും. അങ്ങനെ എൻ്റെ ഒരു 12 കൊല്ലം പോയെന്ന് പറയാം, സ്കൂൾ ലൈഫിലെ.”- ഗ്രീഷ്മ ബോസ് വിശദീകരിച്ചു.
Also Read: Fahadh Faasil: ‘സിനിമയോടുള്ള തന്റെ സമീപനത്തിൽ മാറ്റം വന്നത് ആ ചിത്രത്തിന് ശേഷം’; ഫഹദ് ഫാസിൽ
ഇൻസ്റ്റഗ്രാമിലെ ചെറു വിഡിയോകളിലൂടെയാണ് ഗ്രീഷ്മ ബോസ് ശ്രദ്ധിക്കപ്പെട്ടത്. ഇൻസ്റ്റ റീലുകളിലൂടെ ആരാധകരുണ്ടായ ഗ്രീഷ്മയ്ക്കൊപ്പം ഇപ്പോൾ ഭർത്താവ് അഖിൽ വിദ്യാധറും കണ്ടൻ്റുകൾ ചെയ്യുന്നുണ്ട്. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഗ്രീഷ്മയുടെ അമ്മയും ചില വിഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഗ്രീഷ്മ ബോസിനെതിരെ സോഷ്യൽ മീഡിയയിലും ബോഡി ഷെയിമിങ് നടന്നിട്ടുണ്ട്. യൂട്യൂബർ അമല ഷാജിയുടെ അമ്മ ഗ്രീഷ്മയ്ക്കെതിരെ പറഞ്ഞ ബോഡി ഷെയിമിങ് പരാമർശം വിവാദമായിരുന്നു.