Jana Nayagan Release Update : സെൻസർ ബോർഡ് അയഞ്ഞില്ല;വിജയിയുടെ ജനനായകൻ്റെ റിലീസ് നീട്ടി
Jana Nayagan Release Postponed : ജനുവരി ഒമ്പതാം തീയതി പൊങ്കലിനോട് അനുബന്ധിച്ച് തിയറ്ററിൽ എത്താൻ തയ്യാറെടുക്കുകയായിരുന്നു ജനനായകൻ സിനിമ. സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീട്ടിയിരിക്കുന്നത്.
ചെന്നൈ : നടൻ വിജയിയുടെ കിരയറിലെ അവസാനത്തെ ചിത്രമായ ജനനായകൻ്റെ റിലീസ് നീട്ടി. സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വിജയ് ചിത്രത്തിൻ്റെ റിലീസ് നീട്ടിയിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി ഒമ്പതാം തീയതി തിയറ്ററിൽ എത്താൻ ജനനായകൻ തയ്യാറെടുക്കുകയായിരുന്നു. ജനനായകൻ്റെ റിലീസ് നീട്ടിയെന്ന് സിനിമയുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഡിസ്ട്രിബ്യൂട്ടർമാരെ അറിയിച്ചു.
സെൻസർ സർട്ടിഫിക്കേറ്റ് ലഭിക്കാതെ വന്നതോടെ സിനിമയുടെ അണിയറപ്രവർത്തകർ സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അഡ്വാൻസ് ടിക്കറ്റ് വിൽപനയെല്ലാം നടന്നതിന് ശേഷമാണ് റിലീസ് നീട്ടിവെക്കാൻ നിർമാതാക്കൾ തീരുമാനമെടുത്തിരിക്കുന്നത്. ഒമ്പതാം തീയതി ബുക്ക് ചെയ്ത ടിക്കറ്റിൻ്റെ തിരികെ നൽകുമെന്ന് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ അറിയിച്ചു.
സിനിമ റിലീസ് നീട്ടിയെന്ന് അറിയിച്ചുകൊണ്ട് ജനനായകൻ്റെ മലേഷ്യയിലെ ഡിസ്ട്രിബ്യൂട്ടറായ മാലിക് സ്ടീം കോർപ്പറേഷൻ പങ്കുവെച്ച ട്വീറ്റ്
‼️OFFICIAL ANNOUNCEMENT‼️@KvnProductions @PharsFilm #MalikStreams #DAM #JanaNayagan #ThalapathyVijay pic.twitter.com/w3aFeYL0W5
— Malik Streams Corporation (@malikstreams) January 7, 2026
കഴിഞ്ഞ മാസം സെൻസറിങ്ങിനായി സിനിമ സമർപ്പിച്ചത്. പത്തിലേറെ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് ജനനായകൻ്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. ശേഷം നിർദേശിച്ച മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകാൻ തയ്യാറായില്ല. തുടർന്ന് വിജയ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു.