Actress Assault Case: ‘ദിലീപിനെ വെറുതെവിടാനായി എഴുതിയ വിധി’; നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ നിയമോപദേശം
Actress Assault Case: 2025 ഡിസംബറിലാണ് കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടുകൊണ്ട് വിധി പറഞ്ഞത്...
കൊച്ചി: നടി ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാരിനെ നിയമോപദേശം ലഭിച്ചു . ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമപദേശത്തിലാണ് ജഡ്ജിക്കെതിരെ ഗുരുതര പരാമർശം ഉള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് കേസിൽ വിധി പറഞ്ഞിരുന്നത്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് ജഡ്ജി.ആയതിനാൽ തന്നെ വിധി പറയാൻ ജഡ്ജി അർഹ അല്ലെന്നും സർക്കാരിന് ലഭിച്ച നിയമപദേശത്തിൽ പറയുന്നു.
കേസിൽ നിന്നും ദിലീപിനെ കുറ്റവിമുക്തമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് ഈ വിധി നടനെതിരായ തെളിവുകൾ ഒന്നും തന്നെ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ വിമർശനം ഉന്നയിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ വി അജയകുമാറിന്റെ വിശദമായ കുറിപ്പും അപ്പീൽ നൽകാൻ തയ്യാറാക്കിയ നിയമപദേശത്തിൽ ഉണ്ട്. 2025 ഡിസംബറിലാണ് കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടുകൊണ്ട് വിധി പറഞ്ഞത്. കോടതി വിധിക്കെതിരെ അന്ന് തന്നെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവന്നത്.ഒപ്പം തന്നെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് 20 വർഷം കഠിന തടവിനും വിധിച്ചു.
അതേസമയം വിധി പകർപ്പിൽ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് അതിജീവിതയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പരാമർശം. ഇതിന് സാക്ഷികൾ ഒന്നും ഇല്ലെന്നും ഇക്കാര്യം നടി മറ്റാരോടും പറഞ്ഞതിന് തെളിവില്ലെന്നും കോടതിവിധിയിൽ പരാമർശിക്കുന്നു. 2012ൽ കൊച്ചിയിൽ വച്ച് ഒരു വിദേശ പരിപാടിയുടെ റിഹേഴ്സൽ നടന്നിരുന്നു. അതിൽ ദിലീപും ഈ നടിയും ആണ് ലീഡിങ് റോളുകൾ ചെയ്തിരുന്നത് എന്നാൽ അന്ന് തന്നോടുള്ള വിരോധം കാരണം ദിലീപ് സംസാരിച്ചിരുന്നില്ലെന്നും നടി മൊഴി നൽകിയിരുന്നു.