Janaki VS State of Kerala: 96 കട്ടുകളൊന്നുമില്ല, വെറും എട്ട് മാറ്റങ്ങൾ; ഒടുവിൽ ‘ജെഎസ്കെ’ സിനിമയ്ക്ക് പ്രദർശനാനുമതി
JSK Movie Gets Release Approval: എട്ട് മാറ്റങ്ങൾ വരുത്തി റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. ഏറ്റവും അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കാത്തിരിപ്പിനൊടുവിൽ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് സെൻസര്‍ ബോർഡിന്റെ പ്രദർശനാനുമതി. എട്ട് മാറ്റങ്ങൾ വരുത്തി റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. ഏറ്റവും അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ‘ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലേക്ക് സിനിമ മാറ്റുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്.
ആദ്യം നിർദേശിച്ചത് പോലെ 96 കട്ടുകളൊന്നും ആവശ്യമില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയിൽ രണ്ട് കാര്യങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റ് 32ാം സെക്കന്‍റിൽ വരുന്ന ക്രോസ് എക്സാമിനേഷൻ സീനിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണം. അത് മ്യൂട്ട് ചെയ്യാൻ തയ്യാറാണെന്ന് നിർമാതാക്കളും അറിയിച്ചിരുന്നു. രണ്ടാമത്, സിനിമയുടെ പേര് മാറ്റണം എന്നതായിരുന്നു. ജാനകി വി എന്നോ വി ജാനകി എന്നോ മാറ്റാമെന്നായിരുന്നു നിർദേശം. ജാനകി വിദ്യാധരൻ എന്നാണ് സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തിന്‍റെ പേര്.
ALSO READ: ‘പണി വരുന്നുണ്ടെന്ന്’ മോഹൻലാൽ; വൻ മാറ്റങ്ങളുമായി ബിഗ് ബോസ്; ഏഴാം സീസണിൽ തൊപ്പിയും മസ്താനിയും?
സിനിമയുടെ നിർമ്മാതാക്കൾ ജാനകി എന്ന പേര് ഉപയോഗിച്ചത് മനപ്പൂർവ്വം എന്നായിരുന്നു സെൻസർ ബോർഡിന്‍റെ വാദം. രാമായണത്തിലെ സീതയുടെ മറ്റൊരു പര്യായ പദമാണ് ജാനകി. ആ പേര് ഉപയോഗിക്കുന്നതും, കോടതിയിലെ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങളും ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നാണ് സെൻസർ ബോർഡ് പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ ജാനകി എന്ന കഥാപാത്രത്തോട് അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കിയിരുന്നു.
മലയാളമടക്കം അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. അതിനാൽ, ജാനകി എന്ന പേര് ഉപയോഗിക്കുന്നത് രാജ്യമൊട്ടാകെയുള്ള ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ വ്രണപ്പെടുത്തും. മറ്റൊരു മതവിഭാഗത്തിൽ പെട്ടയാൾ ജാനകി എന്ന കഥാപാത്രത്തെ സഹായിക്കാൻ എത്തുന്നതായി സിനിമയിൽ കാണിക്കുന്നത് ഗൂഢോദേശത്തോടെയാണ് എന്നും സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചിരുന്നു.