Suresh Krishna: ‘മേക്കപ്പിട്ട് കണ്ണ് പഴുത്തു പൊട്ടി, ഡോക്ടർ കണ്ട് തെറി വിളിച്ചു, പറ്റിയത് വലിയ മണ്ടത്തരം’; സുരേഷ് കൃഷ്ണ
Suresh Krishna on Eye Damage from Makeup: 2000ൽ പുറത്തിറങ്ങിയ 'പൊട്ട് അമ്മൻ' എന്ന തമിഴ് ചിത്രത്തിൽ സുരേഷ് കൃഷ്ണ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ വേഷപ്പകർച്ച ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ സുരേഷ് കൃഷ്ണ. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ ഉള്ള താരം വില്ലനായും, കോമഡി വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ താരത്തെ വിശേഷിപ്പിക്കുന്നത് തന്നെ കൺവിൻസിംഗ് സ്റ്റാർ എന്നാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
2000ൽ പുറത്തിറങ്ങിയ ‘പൊട്ട് അമ്മൻ’ എന്ന തമിഴ് ചിത്രത്തിൽ സുരേഷ് കൃഷ്ണ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ വേഷപ്പകർച്ച ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘പൊട്ടു അമ്മൻ’ സിനിമയ്ക്ക് വേണ്ടി ചെയ്ത മേക്കപ്പിനെ കുറിച്ചും അത് മൂലമുണ്ടായ പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ സുരേഷ് കൃഷ്ണ. ജിഞ്ചർ മീഡിയ എന്റർടൈന്മെന്റിസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്.
”പൊട്ടു അമ്മൻ സിനിമയ്ക്ക് വേണ്ടി മേക്കപ്പ്മാൻ ചെയ്ത സാധനം ഒട്ടും ശരിയാകുന്നിലായിരുന്നു. മേക്കപ്പിട്ട് കഴിഞ്ഞാൽ അരമണിക്കൂർ പോലും അത് നിൽക്കുന്നില്ല. പെട്ടെന്ന് സ്‌പ്രെഡ് ആയി പോവുകയാണ്. അങ്ങനെ എന്റെ മനസിൽ തോന്നിയൊരു ഐഡിയ സംവിധായകനോട് ഞാൻ പറഞ്ഞു. നോക്കാമെന്ന് അദ്ദേഹവും പറഞ്ഞു. ആദ്യം ടിഷ്യൂ പേപ്പർ അമ്പിളി അമ്മാവന്റെ ഷേപ്പിൽ കട്ട് ചെയ്യും. എന്നിട്ട്, സ്പിരിറ്റ് ഗം കണ്ണിന്റെ താഴെ ഭാഗത്തായി തേച്ച ശേഷം അതിന് മുകളിലായി ആ പേപ്പർ ഒട്ടിക്കും. വീണ്ടും ഗം തേക്കും. അത് ചുരുക്കി പിടിച്ച് അങ്ങനെ ഡ്രൈ ആക്കും. ഭയങ്കര ലുക്ക് കിട്ടി. പക്ഷെ അത് ഏറ്റവും വലിയ മണ്ടത്തരമായിരുന്നു.
ALSO READ: 96 കട്ടുകളൊന്നുമില്ല, വെറും എട്ട് മാറ്റങ്ങൾ; ഒടുവിൽ ‘ജെഎസ്കെ’ സിനിമയ്ക്ക് പ്രദർശനാനുമതി
എട്ട്- പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണിന് താഴെ പൊട്ടി. ഒടുവിൽ പഴുത്ത് ലിക്വിഡ് വരാൻ തുടങ്ങി. അങ്ങനെ ഡോക്ടറെ കാണിച്ചു. അന്ന് എന്നെ ആർക്കും അങ്ങനെ അറിയില്ല. ഡോക്ടർ എന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. നടനാണ്, മേക്കപ്പിൽ ചെറുതായൊരു പണി കിട്ടിയതാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ തെറിയോട് തെറിയായിരുന്നു. ഒരു നടന് ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണാണെന്നും അത് നശിപ്പിക്കരുതെന്നും പറഞ്ഞു. പക്ഷെ എന്ത് ചെയ്യാൻ കഴിയും. കണ്ടിന്യുവിറ്റി ആയിപ്പോയി. അതിന് ശേഷവും അഞ്ചാറുമാസം ഈ സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. ഒന്ന് ഉണങ്ങി വരുമ്പോഴേക്കും വീണ്ടും മേക്കപ്പിടും” സുരേഷ് കൃഷ്ണ പറഞ്ഞു.
സുരേഷ് കൃഷ്ണയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘പൊട്ടു അമ്മൻ’. അദ്ദേഹത്തിന്റെ ആദ്യ സിനിമയും ഇത് തന്നെയാണ്. പിന്നീട് ‘കരുമാടി കുട്ടൻ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് ചുവടുവെക്കുന്നത്. സുരേഷ് കൃഷണയുടേതായി ഒടുവിൽ തീയറ്ററിൽ എത്തിയ ചിത്രം ‘മരണമാസ്’ ആണ്. കൂടാതെ, ‘ഫ്ളാസ്ക്’, ‘രവീന്ദാ നീ എവിടെ?’ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.