Jayaram: ഒരുപോലുള്ള കഥാപാത്രങ്ങൾ ചെയ്തപ്പോഴാണ് ഇടവേളയെടുത്തത്; തുറന്നുപറച്ചിലുമായി ജയറാം
Jayaram About His Break: മലയാളത്തിൽ നിന്ന് മാറിനിൽക്കാൻ കാരണം ക്ലീഷേ റോളുകളെന്ന് ജയറാം. ഒരുപോലുള്ള കഥാപാത്രങ്ങൾ ലഭിച്ചതിനാൽ മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ജയറാം പറഞ്ഞു.
മലയാളത്തിൽ നിന്ന് മാറിനിൽക്കാനുള്ള കാരണം പറഞ്ഞ് ജയറാം. ഒരുപോലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുത്തെന്നും അതുകൊണ്ടാണ് മാറിനിന്നതെന്നും ജയറാം പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ചെയ്തത് സത്യൻ അന്തിക്കാടിൻ്റെ മകൾ എന്ന സിനിമയാണ് എന്നും ജയറാം രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അടുത്ത സിനിമയിൽ താനാണ് നായകനെന്ന് സത്യേട്ടൻ വിളിച്ചുപറഞ്ഞപ്പോൾ വേഗം പൂജാമുറിയിലേക്കോടിയെന്ന് ജയറാം പറഞ്ഞു. എല്ലാം ഒരുപോലുള്ള കഥാപാത്രങ്ങളായപ്പോൾ 2019ലാണ് മലയാളത്തിൽ നിന്ന് ഒരു ഇടവേളയെടുക്കാമെന്ന് തീരുമാനിച്ചത്. തീരുമാനം നല്ലതാണെന്നാണ് ഇവരൊക്കെ പറഞ്ഞത്. ആ സമയത്ത് മറ്റ് ഭാഷകളിൽ നല്ല സിനിമകൾ ലഭിച്ചു. മലയാളത്തിൽ നല്ല സിനിമകൾക്കായി കാത്തിരിക്കുകയായിരുന്നു.
കുറേ കഥകൾ കേട്ടെങ്കിലും എല്ലാം സ്ഥിരം സ്ഥിരം ടൈപ്പായിരുന്നു. പ്രേക്ഷകരിലേക്കെത്തില്ലെന്ന് തോന്നി. അങ്ങനെയിരിക്കുമ്പോൾ വന്ന സിനിമകളിലൊന്നാണ് ഓസ്‌ലർ. അതുപോലെ സത്യേട്ടൻ വിളിക്കുമെന്ന് കരുതിയില്ല. സത്യേട്ടനോട് ‘ഒരു മിനിട്ടേ’ എന്ന് പറഞ്ഞ് താൻ പൂജാമുറിയിലേക്കോടി. ഒരുകാലത്ത് ഒരേപോലെയുള്ള കഥാപാത്രങ്ങളാണ് സ്ഥിരം ചെയ്തത്. നന്മ, പ്രാരാബ്ധം, തരികിട, വീട് ഒറ്റപ്പാലത്ത്, കെട്ടിച്ചയക്കാൻ മൂന്ന് പെങ്ങന്മാർ, സ്നേഹിക്കുന്ന പെണ്ണും എതിർക്കുന്ന ആങ്ങളമാരും ഇതൊക്കെയായിരുന്നു സിനിമകളെന്നും ജയറാം പറഞ്ഞു.
ആശകൾ ആയിരം എന്ന സിനിമയാണ് ജയറാമിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ജയറാമിനൊപ്പം മകൻ കാളിദാസ് ജയറാമും സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരിക്കുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. 2003ൽ പുറത്തിറങ്ങിയ എൻ്റെ വീട് അപ്പൂൻ്റേം എന്ന സിനിമയിലാണ് ഇവർ മുൻപ് ഒരുമിച്ച് അഭിനയിച്ചത്. ഒരു വടക്കൻ സെൽഫി എന്ന സിനിമയൊരുക്കിയ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ആശ ശരത്, രമേഷ് പിഷാരടി തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു.