Jayasurya: ‘നടക്കുന്നത് നുണപ്രചരണം; ഇങ്ങനെ അധപതിക്കുമ്പോള്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ’; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജയസൂര്യ
Jayasurya responds to Save Box app fraud case: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ ഇഡി തനിക്ക് മൂന്നാമതും സമന്‍സ് അയച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ജയസൂര്യ. മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന് നടന്‍

Jayasurya
തിരുവനന്തപുരം: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ ഇഡി തനിക്ക് മൂന്നാമതും സമന്‍സ് അയച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് നടന്‍ ജയസൂര്യ. മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന് ജയസൂര്യ ആഞ്ഞടിച്ചു. ‘നുണ പ്രചരണം മാധ്യമ ധര്‍മ്മമാകുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് താരം വിമര്‍ശനമുന്നയിച്ചത്.
രണ്ട് ദിവസമായി തന്നെക്കുറിച്ചുള്ള നുണപ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. ഏഴാം തീയതി വീണ്ടും ഹാജരാകണണമെന്ന് ആവശ്യപ്പെട്ട് തനിക്ക് സമന്‍സ് തന്നു എന്ന് പറഞ്ഞു തുടങ്ങിയതാണ് ഈ നുണ പ്രചരണമെന്നും നടന്‍ ആരോപിച്ചു.
രണ്ട് ദിവസമായി ചാനലിലൂടെ സമന്‍സ് കിട്ടുന്നതല്ലാതെ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ തനിക്കോ, ഭാര്യയ്‌ക്കോ ഇഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ല. 24, 27 തീയതികളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് കിട്ടുകയും, ഹാജരാവുകയും ചെയ്തിരുന്നു. ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് താരം പറഞ്ഞു.
പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാനാകുമോയെന്നും താരം ചോദിച്ചു. സാമ്പത്തിക ഇടപാടുകള്‍ നിയമപ്രകാരം മാത്രം നടത്തി നികുതി പൊതുഖജനാവില്‍ കൃത്യമായി അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട സാധാരണ പൗരന്‍ മാത്രമാണ് താന്‍. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി ജനങ്ങളില്‍ എത്തിക്കേണ്ട മാധ്യമങ്ങള്‍ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോള്‍ സഹതപിക്കാനെ നിര്‍വാഹമുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. ‘മാധ്യമങ്ങള്‍ നുണ വിളമ്പുന്ന കാലം, എന്താല്ലേ’ എന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
നേരത്തെ, സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരില്‍ പലരില്‍ നിന്നായി വന്‍ തുക തട്ടിയ കേസില്‍ ഇതിന്റെ ഉടമ സ്വാതിക് റഹീമിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന് ജയസൂര്യക്ക് കിട്ടിയ പ്രതിഫലത്തെക്കുറിച്ചാണ് ഇഡി അന്വേഷിച്ചത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണോ സ്വാതി റഹീം പ്രതിഫലമായി ജയസൂര്യയ്ക്ക് നല്‍കിയതെന്നാണ് ഏജന്‍സി പരിശോധിക്കുന്നത്.