Kalabhavan Navas: ‘രണ്ടുപേരും അറിഞ്ഞില്ല… അത് അവസാന കാഴ്ചയായിരുന്നെന്ന്; വാപ്പിച്ചിയും ഉമ്മിച്ചിയും 2 ലോകത്തിരുന്ന് ഇപ്പോഴും പ്രണയിക്കുന്നു’
അല്ലിയിളം പൂവോ എന്ന ഗാനം നവാസ് പാടിയതാണ് വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി മക്കൾ ഉപയോഗിച്ചിരിക്കുന്നത്. വാപ്പിച്ചി ഇടവേളയിൽ ഉമ്മച്ചിക്ക് പാടി കൊടുത്ത പാട്ടാണെന്നും കുറിപ്പിൽ പറയുന്നു.

Kalabhavan Navas
രണ്ട് മാസം മുൻപായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്. ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. താരത്തിന്റെ മരണം ആരാധകരിലും സിനിമ ലോകത്തും ഒരു പോലെ ഞെട്ടലുണ്ടാക്കി.
എല്ലാവരും ഏറ്റവും കൂടുതൽ ആശങ്കപ്പെട്ടത് ഭാര്യ രഹ്ന എങ്ങനെ ഈ അവസ്ഥ മറികടന്ന് പുറത്ത് വരുമെന്നതാണ്. കാരണം ഇരുവരും അത്രമേൽ സ്നേഹിച്ചിരുന്നു. നവാസിക്കയില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് രഹ്ന പലവട്ടം പറഞ്ഞിട്ടുണ്ട്. നവാസും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മരിക്കുന്നതിന്റെ തലേദിവസം ഇരുവരും അവസാനമായി കണ്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രഹ്നയും നവാസും ഒരുമിച്ചുള്ള വീഡിയോ മക്കൾ നടന്റെ സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് ഇരുവരും അവസാനമായി ഒരുമിച്ച് സമയം ചിലവഴിച്ചത്. ഷൂട്ടിങ് തിരക്കുണ്ടായിട്ടും രഹ്ന വാശിപിടിച്ചതുകൊണ്ട് സമയം കണ്ടെത്തി ഫങ്ഷനിൽ പങ്കെടുക്കാൻ നവാസ് എത്തുകയായിരുന്നു എന്നാണ് വീഡിയോക്ക് താഴെ കുറിച്ചത്.
അല്ലിയിളം പൂവോ എന്ന ഗാനം നവാസ് പാടിയതാണ് വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി മക്കൾ ഉപയോഗിച്ചിരിക്കുന്നത്. വാപ്പിച്ചി ഇടവേളയിൽ ഉമ്മച്ചിക്ക് പാടി കൊടുത്ത പാട്ടാണെന്നും കുറിപ്പിൽ പറയുന്നു. വാപ്പിച്ചി വളരെ ആരോഗ്യവാനായിരുന്നുവെന്നും അവിടെ വച്ച് വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മച്ചി വീട്ടിലേയ്ക്കും മടങ്ങിയെന്നാണ് കുറിപ്പിൽ പറയുന്നത്. അത് അവസാന കാഴ്ചയായിരുന്നെന്ന് രണ്ടുപേരും അറിഞ്ഞില്ലെന്നും വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് ഇപ്പോഴും പ്രണയിക്കുന്നുവെന്നും ഇവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയരേ… ഇത് വാപ്പിച്ചി ഇടവേളയിൽ ഉമ്മച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31… വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റൻഡ് ചെയ്ത കല്യാണ വീഡിയോയാണിത്. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല.
ഉച്ചക്ക് 12:30 ആയി. ആ സമയത്ത് വന്നാൽ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും ഉമ്മച്ചി സമ്മതിച്ചില്ല. വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മച്ചി വാശി പിടിച്ചു. ലൊക്കേഷനിലെ ഇടവേളയിൽ ഉമ്മച്ചിയെ കാണാൻ വാപ്പിച്ചി ഓടിയെത്തി വാപ്പിച്ചി വളരെ ഹെൽത്തി ആയിരുന്നു. അവിടെ വെച്ച് അവർ അവസാനമായി കണ്ടു. രണ്ടുപേരും അറിഞ്ഞില്ല… അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മച്ചി വീട്ടിലേയ്ക്കും മടങ്ങി.
വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ടുപേരും ഇപ്പോഴും പ്രണയിക്കുന്നു. ഏറ്റവും ഭംഗിയുള്ളതും ശക്തവുമായ പ്രണയം എന്നാണ് നവാസിന്റെ അവസാന വീഡിയോ പങ്കിട്ട് മക്കൾ കുറിച്ചത്. മൂന്ന് മക്കളാണ് നവാസിനുള്ളത്. മൂത്തമകൾ ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു.