Kalamkaval: കളങ്കാവലിൽ കറങ്ങിവീണ് ധ്രുവ് വിക്രം; ഒപ്പം ചേർന്ന് റൗണ്ട് ടേബിളിലെ മറ്റ് താരങ്ങൾ
Kalamkaval At The Hollywood Reporter: കളങ്കാവൽ ചർച്ച പാൻ ഇന്ത്യനാവുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ ആക്ടേഴ്സ് റൗണ്ട് ടേബിളിലാണ് കളങ്കാവൽ ചർച്ചയായത്.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ
ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ ആക്ടേഴ്സ് റൗണ്ട് ടേബിളിൽ ചർച്ചയായി കളങ്കാവലും മമ്മൂട്ടിയും. ധ്രുവ് വിക്രം ആരംഭിച്ച ചർച്ച മറ്റ് താരങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പും കളങ്കാവലുമൊക്കെയായിരുന്നു ചർച്ച. മലയാളത്തിൽ നിന്ന് കല്യാണി പ്രിയദർശനും ബേസിൽ ജോസഫുമാണ് റൗണ്ട് ടേബിളിൽ ഉണ്ടായിരുന്നത്. രുക്മിണി വസന്ത്, ഇഷാൻ ഖട്ടർ, കൃതി സാനോൻ, വിക്കി കൗശൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അവസാനം തീയറ്ററിൽ നിന്ന് കണ്ട സിനിമയെപ്പറ്റിയുള്ള ചോദ്യമാണ് കളങ്കാവൽ ചർച്ചയിലേക്ക് നയിച്ചത്. ഈയിടെ താൻ കളങ്കാവൽ കണ്ടു എന്ന് ധ്രുവ് പറയുന്നു. “അദ്ദേഹം ആ സിനിമ മുഴുവനായി തൻ്റെ ചുമലിൽ കൊണ്ടുപോവുകയാണ്. ഒരു വലിയ സൂപ്പർസ്റ്റാർ, ഇത്രയും അറിയപ്പെടുന്ന ഒരു നടൻ പലരും മടിക്കുന്ന ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം ഇങ്ങനെ തീരുമാനങ്ങൾ എടുത്ത് അത് വളരെ നന്നായി പിന്തുടരുന്നു.”- ധ്രുവ് പറയുന്നു.
ഇതോടെ മമ്മൂട്ടിക്കമ്പനിയ്ക്ക് മമ്മൂട്ടി നൽകിയ അഭിമുഖത്തെപ്പറ്റി കല്യാണി പ്രിയദർശൻ സൂചിപ്പിക്കുന്നു. ‘എത്തരത്തിലുള്ള തിരക്കഥയുമായി താങ്കൾക്കരികെ വരാം എന്ന ചോദ്യത്തോട്, ‘എന്നെ മനസിൽ കണ്ട് നിങ്ങൾ ഒരു തിരക്കഥ എഴുതിയാൽ എന്നിലേക്ക് വരരുത്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു’ എന്ന് കല്യാണി പറയുന്നു. ഇത് കേട്ട റൗണ്ട് ടേബിളിലെ താരങ്ങളെല്ലാവരും അതിശയിക്കുകയാണ്.
തുടർന്ന് കളങ്കാവലിൽ മമ്മൂട്ടിയെ തീരുമാനിച്ചിരുന്നത് പോലീസ് വേഷത്തിലാണെന്നും മമ്മൂട്ടിയാണ് നെഗറ്റീവ് റോൾ തിരഞ്ഞെടുത്തതെന്നും ബേസിൽ ജോസഫ് പറയുന്നു. ‘എല്ലാവരും പറയുന്നു, മമ്മൂട്ടി സീരിയൽ കില്ലർ റോൾ ചെയ്യുകയാണെന്ന്. പക്ഷേ, അത് തിരഞ്ഞെടുത്തത് അദ്ദേഹം തന്നെയാണ്. ശരിക്കും ഒരു നെഗറ്റീവ് റോൾ ആണത്. അവസാനത്തിൽ ഇയാൾ നല്ലയാളായി മാറുന്നില്ല. അയാൾ നെഗറ്റീവ് ആണ്’ എന്നും ബേസിൽ പറയുന്നു. ഇതോടെ ‘ഇക്കാര്യം തനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടോ?’ എന്ന് ഇഷാൻ ഖട്ടർ രുക്മിണി വസന്തിനോട് ചോദിക്കുന്നു. കാന്താരയിൽ രുക്മിണി ചെയ്തത് നെഗറ്റീവ് റോൾ ആയിരുന്നു. ‘അത് മമ്മൂട്ടി സാറാണ് ചെയ്തത്. ഞാൻ രുക്മിണിയാണ്’ എന്നാണ് താരം ഇതിന് മറുപടിനൽകിയത്.