Kalpana Raghavendar: ഭർത്താവിനെക്കുറിച്ച് വന്ന വാർത്തകൾ തകർത്തുകളഞ്ഞു; ജീവനോടെയിരിക്കാൻ കാരണം അദ്ദേഹം: കല്പന രാഘവേന്ദർ
Kalpana Raghavendar Husband: ഭർത്താവുമായുള്ള പ്രശ്നങ്ങൾ കാരണം താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തള്ളി ഗായിക കല്പന രാഘവേന്ദർ. അദ്ദേഹവുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് കല്പന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭർത്താവിനെക്കുറിച്ച് വന്ന വാർത്തകൾ തകർത്തുകളഞ്ഞു എന്ന് ഗായിക കല്പന രാഘവേന്ദർ. താൻ ജീവനോടെയിരിക്കാൻ കാരണം അദ്ദേഹമാണ്. ഭർത്താവിനെയും മകളെയും കുറിച്ച് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വല്ലാതെ വേദനിപ്പിച്ചു എന്നും കല്പന പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കല്പന രാഘവേന്ദറിൻ്റെ പ്രതികരണം.
“എനിക്കങ്ങനെ സംഭവിച്ചു എന്നതിനെക്കാൾ എന്നെ തകർത്തുകളഞ്ഞത് ഭർത്താവിനെപ്പറ്റി വന്ന വാർത്തകളാണ്. ഞങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നുമൊക്കെയായിരുന്നു വാർത്തകൾ. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. സന്തോഷത്തോടെയാണ് ഇത്ര കാലവും കഴിഞ്ഞത്. ഈ ലോകത്ത് ഞാൻ ഏറ്റവുമധികം ആദരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കെ പെട്ടെന്ന് ഞാൻ ഉറങ്ങിപ്പോയി. അത് ഉറക്കമല്ലായിരുന്നു. മരുന്നിൻ്റെ ഡോസ് കൂടിയതുകൊണ്ട് ബോധം മറഞ്ഞതാണ്. പിന്നീട് ഞാൻ ഫോണെടുക്കാതിരുന്നപ്പോൾ എനിക്കെന്തോ പ്രശ്നമുണ്ടെന്ന് ഭർത്താവിന് തോന്നി. അദ്ദേഹത്തിൻ്റെ ഇടപെടൽ കാരണമാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. ജീവനോടെ തിരികെവന്ന് എല്ലാവരോടും സംസാരിക്കുന്നതിന് കാരണം എൻ്റെ ഭർത്താവാണ്. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്.”- കല്പന രാഘവേന്ദർ പറഞ്ഞു.
Also Read: Singer Kalpana Health: ആരോഗ്യ നിലയിൽ പുരോഗതി, ഗായിക കൽപ്പനെയ വെൻ്റിലേറ്ററിൽ നിന്നും മാറ്റി
ഇപ്പോൾ പിച്ച്ഡിയും എൽഎൽബിയും പഠിക്കുന്നുണ്ട്. ഇത് കൂടാതെ സംഗീത കരിയറും ശ്രദ്ധിക്കുന്നുണ്ട്. സമ്മർദ്ദം അധികമായതിനാൽ കുറേ നാളായി തനിക്ക് ഉറക്കം കുറവാണ്. ഇതിന് ചികിത്സ തേടിയപ്പോൾ ഡോക്ടർ മരുന്ന് കഴിക്കാൻ പറഞ്ഞു. എട്ട് ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനായില്ല. അങ്ങനെ വീണ്ടും കഴിച്ചു. ഒരു ഘട്ടത്തിൽ എത്രയെണ്ണം കഴിച്ചു എന്ന് പോലും ഓർമ്മയില്ലാതായി. അങ്ങനെയാണ് ബോധം മറഞ്ഞ് വീണതെന്നും കല്പന വിശദീകരിച്ചു.
അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് ഈ മാസം നാലിനാണ് കല്പന രാഘവേന്ദറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ ആത്മഹത്യാശ്രമമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. പിന്നാലെ, ഭാര്യയും മകളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കല്പന ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വാർത്തകളെ നേരത്തെ തന്നെ കല്പന നിഷേധിച്ചിരുന്നു.