Kalyani Priyadarshan: ‘ദുൽഖർ സൽമാൻ സിനിമയിലേക്ക് വരുന്നത് കുടുംബം എതിർത്തിരുന്നു’; കല്യാണി പ്രിയദർശൻ
Kalyani Priyadarshan on Entry to Cinema: താൻ സിനിമയിലേക്ക് വരുന്നതും നടിയാകുന്നതുമൊന്നും അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ.

ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ
ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’. ഇത് മലയാളത്തിലെ ആദ്യ ഫീമെയ്ൽ സൂപ്പർ ഹീറോ ചിത്രമാണ്. സിനിമയിൽ നായികയായെത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ആക്ഷൻ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഇത്തവണ മോഹൻലാലിനെയും ഫഹദ് ഫാസിലിനേയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മുന്നേറുകയാണ് കല്യാണി.
ഇപ്പോഴിതാ, താൻ സിനിമയിലേക്ക് വരുന്നതും നടിയാകുന്നതുമൊന്നും അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി മനസുതുറന്നത്. അച്ഛൻ പ്രിയദർശനും അമ്മ ലിസിയും തന്റെ സിനിമാ സ്വപ്‌നങ്ങളെ എതിർത്തിരുന്നുവെന്നാണ് താരം പറയുന്നത്. ‘താരപുത്രി ആയതിനാൽ സിനിമ എന്നും ഒരു ഓപ്‌ഷനായി ഉണ്ടായിരുന്നോ’ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
“ഞാൻ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നവർക്ക് അവർ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് മനസിലാകും. ഇതേക്കുറിച്ച് ഞാൻ ഒരിക്കൽ ദുൽഖർ സൽമാനോട് സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നുണ്ട്. ദുൽഖറിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നമ്മൾ അതിന്റെ ഗ്ലാമർ വശം മാത്രമാണ് കാണുന്നത്” എന്നാണ് കല്യാണി പറഞ്ഞത്.
തന്റെ അച്ഛൻ തന്റെ ജീവിതകാലം മുഴുവൻ ജോലി ചെയുന്നത് താൻ കണ്ടിട്ടുണ്ടെന്നും ആളുകൾ കരുതുന്നത് പോലെ ഇതത്ര ഗ്ലാമറസ് അല്ലെന്നും കല്യാണി പറയുന്നു. തന്റെ കുഞ്ഞും അതിലൂടെയെല്ലാം കടന്നുപോകണമെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ലെന്നും, അതുകൊണ്ടാണ് താൻ സിനിമയിലേക്ക് വരരുതെന്ന് അവർ ആഗ്രഹിച്ചിരുന്നതെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള കടന്നുവരവ് അത്ര എളുപ്പമായിരുന്നില്ലെന്നും കല്യാണി കൂട്ടിച്ചേർത്തു.
“സിനിമയാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് അതിനോട് എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ലോഞ്ച് ചെയ്യാൻ നേരം, താൻ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാൻ അങ്ങനെ കണ്ടിട്ടില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു” എന്നും കല്യാണി കൂട്ടിച്ചേർത്തു.