Kamal Haasan Kannada row: തഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ; തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയേണ്ടതില്ലെന്ന് കമല്‍ ഹാസൻ
Kamal Haasan Language Row :കമൽഹാസന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകത്തിലെ റിലീസ് തടയാൻ നീക്കം. 24 മണിക്കൂറിനകം നടൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കുന്നത്.

കമൽ ഹാസൻ
ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശം വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതോടെ കമൽഹാസന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകത്തിലെ റിലീസ് തടയാൻ നീക്കം. 24 മണിക്കൂറിനകം നടൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കുന്നത്.
കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് കർണാടക ഫിലിം ചേംബർ മുന്നറിയിപ്പ് നൽകിയത്. കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് താരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. പുതിയ ചിത്രമായ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ പ്രതിഷേധക്കാർ വലിച്ചു കീറിയതും വലിയ വാർത്തയായിരുന്നു. നടനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും രംഗത്ത് എത്തിയിരുന്നു. അതേസമയം അദ്ദേഹത്തെ പിന്തുണച്ച് കന്നഡതാരം ശിവ രാജ്കുമാർ രംഗത്തെത്തി. കമൽഹാസൻ കന്നഡയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും ശിവ രാജ്കുമാർ പറഞ്ഞു. വിവാദങ്ങളെ നേരിടാൻ അദ്ദേഹത്തിനു അറിയാമെന്നും ശിവ രാജ്കുമാർ പറഞ്ഞു.
എന്നാൽ ചിത്രം കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നുള്ള ഭീഷണികൾ ഉയരുന്നതിനിടെ സംഭവത്തിൽ പ്രതികരിച്ച് കമൽ ഹാസൻ രംഗത്ത് എത്തി. തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാനില്ലെന്ന് താരം വ്യക്തമാക്കി. ‘താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ട കാര്യമുള്ളു എന്നാണ് കമൽ ഹാസന്റെ നിലപാട്.
രാജ്യത്തെ ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും താരം പറയുന്നു. ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.