Nivetha Thomas: ‘തടിച്ചി’യെന്ന് പരിഹസിച്ചവരെ കൊണ്ട് കൈയടിപ്പിച്ച മലയാളി താരം; പുരസ്കാര നേട്ടത്തിൽ നിവേദ തോമസ്
Nivetha Thomas: നിവേദയുടെ ഈ നേട്ടം ക്രൂരമായ പരിഹാസങ്ങൾക്കായുള്ള മധുരപ്രതികാരം കൂടിയാണ്. 35 ചിന്ന കഥ കാതു എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം വർധിപ്പിച്ച നടി കടുത്ത ബോഡി ഷെയിമിങ്ങാണ് നേരിട്ടത്.
തെലങ്കാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി മലയാളി താരം നിവേദ തോമസ്. നന്ദ കിഷോർ സംവിധാനം ചെയ്ത 35 ചിന്ന കഥ കാതു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. രണ്ട് മക്കളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രമായാണ് നിവേദ ചിത്രത്തിൽ എത്തിയത്.
നിവേദയുടെ ഈ നേട്ടം ക്രൂരമായ പരിഹാസങ്ങൾക്കായുള്ള മധുരപ്രതികാരം കൂടിയാണ്. 35 ചിന്ന കഥ കാതു എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം വർധിപ്പിച്ച നടി കടുത്ത ബോഡി ഷെയിമിങ്ങാണ് നേരിട്ടത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി എത്തിയ താരത്തിന്റെ രൂപമാറ്റം വലിയ ചർച്ചയായിരുന്നു. നിവേദ തോമസിനെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെ. വിമർശനങ്ങൾ നിരവധി വന്നെങ്കിലും നടി പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്നെ വിമർശിച്ചവരെ കൊണ്ട് കൈയടിപ്പിച്ചിരിക്കുകയാണ് താരമിപ്പോൾ.
നിവേദ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. കണ്ണൂർ ഇരിട്ടിക്കടുത്ത എടൂരിലാണ് നിവേദയുടെ അമ്മയുടെ വീട്. നിരവധി മലയാള, തമിഴ് ചിത്രങ്ങളിൽ നിവേദ അഭിനയിച്ചിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ ‘ഉത്തര’ എന്ന മലയാള സിനിമയിലൂടെയാണ് നിവേദ അഭിനയരംഗത്തെത്തിയത്. ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.
കൂടാതെ മധ്യവേനൽ, ചാപ്പാകുരിശ്, തട്ടത്തിൻമറയത്ത്, റോമൻസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിൽ കമൽഹാസന്റെ മൂത്തമകളായും ‘ദർബാറിൽ’ രജനികാന്തിന്റെ മകളായും നിവേദ അഭിനയിച്ചിട്ടുണ്ട്.