The Kerala Story 2: തിയേറ്റർ കാണില്ല! കേരള സ്റ്റോറി 2വിന് ഹൈക്കോടതി വിലക്ക്; നിർമ്മാതാക്കൾക്ക് തിരിച്ചടി
The Kerala Story 2 Movie Release: കേരള സ്റ്റോറിയുടെ ട്രെയിലർ റിലീസിന് പിന്നാലെ വലിയ വിവാദമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ ചിത്രം നാളെ പ്രദർശനത്തിന് എത്തില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
കൊച്ചി: ‘കേരള സ്റ്റോറി 2’ വിൻ്റെ പ്രദർശനാനുമതി തടഞ്ഞ് ഹൈക്കോടതി. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. കേരള സ്റ്റോറിയുടെ ട്രെയിലർ റിലീസിന് പിന്നാലെ വലിയ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ ചിത്രം നാളെ പ്രദർശനത്തിന് എത്തില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചിത്രം കാണണമെന്നാണ് കോടതിയുടെ നിര്‍ദേശം.
സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കോടതി ചൂണ്ടികാട്ടി. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിൻ്റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഒരു യുവതിയെ ബലമായി നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവന്നത്. ഇത് വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ പല തരത്തിലുള്ള പ്രതിഷേധം ഉയരുന്നത്.
ALSO READ: മലക്കം മറിഞ്ഞ് കേരള സ്റ്റോറി നിർമാതാക്കൾ! ഇപ്പോ പറയുന്നത് ഇങ്ങനെ
നിലവിൽ 15 ദിവസത്തേക്കാണ് ചിത്രത്തിൻ്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ഇത് കാര്യമായി ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിനിമ യഥാർത്ഥത്തിൽ ഒരു കലയാണ്, അതുകൊണ്ട് തന്നെ ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എന്ന് പറയുന്നതിൽ സത്യമില്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ടീസറിന്റെ ഉൾപ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയെ അറിയിച്ചു. എന്നാൽ ടീസറിലുള്ള കാര്യങ്ങൾ സിനിമയിലില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ വാദം.