Actor Siddique: സിദ്ധിഖിനായി വലവിരിച്ച് പൊലീസ്, മാധ്യമങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്
Actor Siddique: യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെതിരായ അന്വേഷണം ഉൗർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. സിദ്ധിഖിനെ പിടികൂടുന്നതിനായി മാധ്യമങ്ങളിൽ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ഒരു മലയാള ദിനപത്രത്തിലും ഇംഗ്ലീഷ് മാധ്യമത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലെ പ്രതിയാണ് സിദ്ധിഖ് എന്നും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. പൊലീസിൽ അറിയിക്കാനുള്ള ഫോൺ നമ്പറും പങ്കുവച്ചിട്ടുണ്ട്.
ലുക്കൗട്ട് നോട്ടീസ്
ഈ ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്റ്റ് സിദ്ദീഖ് മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം. 1192/2024, U/S 376 E 506 IPC പ്രകാരമുള്ള കേസിലെ പ്രതിയും, നിലവിൽ ഒളിവിൽ പോയിട്ടുള്ളയാളുമാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന വിലാസത്തിലോ ഫോൺ നമ്പരിലോ അറിയിക്കാൻ താൽപര്യപ്പെടുന്നു.
1. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ: 9497996991
2. ഡിഐജി തിരുവനന്തപുരം: 9497998993
3.അസിസ്റ്റന്റ് കമ്മീഷണർ തിരുവനന്തപുരം: 9497990007
4. മ്യൂസിയം പൊലീസ് സ്റ്റേഷൻ: 04712315096
നടൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളത്തിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ധിഖ് ഒളിവിലാണ്. നടന്റെ ആലുവയിലെയും കാക്കനാട്ടേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും എവിടെ പോയെന്നതിൽ സൂചന ലഭിച്ചില്ല. നടനുമായി അടുത്ത ബന്ധമുള്ളവരുടെ ഫോൺ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്.
മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള പ്രശ്നത്തിന്റെ ഇരയാണ് താനെന്നും കേസിൽ മതിയായ അന്വേഷണം നടത്താതെയാണ് പ്രതി ചേർത്തിരിക്കുന്നതെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങളും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ നിരത്തും. കേരള സർക്കാരും തടസ്സഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കും. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് പരാതിക്കാരിയ്ക്ക് വേണ്ടി ഹാജരായേക്കും എന്ന സൂചനകളുമുണ്ട്.
സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് സിദ്ധിഖ്. അതുവരെ ഒളിവിൽ തുടരാനാണ് തീരുമാനാമെന്നാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുമ്പ് പൊലീസിന് മുന്നിൽ പിടികൊടുത്താൽ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്ന ആശങ്കയും നടനുണ്ട്.
തിങ്കളാഴ്ചയ്ക്ക് മുമ്പ് സിദ്ധിഖിനെ പിടികൂടാനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കൊച്ചി സ്വദേശിയായ യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 2016-ൽ തിരവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള നിള തീയറ്ററിൽ സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യുവിനെത്തിയപ്പോഴാണ് നടി ആദ്യമായി നടനെ കണ്ടത്.