Kingdom Review: തീയേറ്ററുകൾ വിറപ്പിച്ച് വിജയ് ദേവരകൊണ്ടയുടെ ‘കിങ്‌ഡം’; വേറിട്ട ഗ്യാങ്സ്റ്റർ ഡ്രാമ – റിവ്യൂ
Kingdom Movie Malayalam Review: തുടർച്ചയായി ഹിറ്റ് സിനിമകൾ സമ്മാനിച്ച സിതാര എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകരിലും പ്രതീക്ഷ ഏറെയാണ്.
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രമാണ് ‘കിംഗ്ഡം’. തുടർച്ചയായി ഹിറ്റ് സിനിമകൾ സമ്മാനിച്ച സിതാര എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകരിലും പ്രതീക്ഷ ഏറെയാണ്. ഈ ചിത്രം വിജയ്‌യുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമോ ഇല്ലയോ എന്ന് നോക്കാം.
തെലങ്കാനയിലെ അങ്കപൂരിൽ ഒരു കോൺസ്റ്റബിളാണ് സൂരി ( വിജയ് ദേവരകൊണ്ട). കുട്ടികാലത്ത് വീട്ടിൽ നിന്നും ഒളിച്ചോടിയ തന്റെ മൂത്ത സഹോദരൻ ശിവയെ (സത്യദേവ്) 18 വർഷമായി സൂരി അന്വേഷിക്കുകയാണ്. ഇവരുടെ കഥയറിയാൻ ഇടയായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ശിവയെ തിരികെ കൊണ്ടുവരണമെങ്കിൽ, സൂരി ഒരു രഹസ്യ ഓപ്പറേഷന്റെ ഭാഗമാകണമെന്ന് പറയുന്നു. ശ്രീലങ്കയിലേക്ക് പോയി ഒരു മാഫിയ സംഘത്തിന്റെ ചാരനായി പ്രവർത്തിക്കണമെന്നതാണ് നിർദേശം. ശ്രീലങ്കയിൽ സൂരിയെ സഹായിക്കാൻ ഒരു ചാരൻ (ഭാഗ്യശ്രീ ബോർസെ) ഉണ്ട്. അവിടെ നിന്നാണ് സൂരി തന്റെ ദൗത്യം ആരംഭിക്കുന്നത്. അതിനുശേഷം സംഭവിക്കുന്നതാണ് യഥാർത്ഥ കഥ.
‘മുള്ളി രാവ’, ‘ജേഴ്‌സി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ഗൗതം തിന്നനൂരി. ‘കിംഗ്ഡം’ സിനിമയുടെ ആദ്യ സീൻ മുതൽ തന്നെ അദ്ദേഹത്തിന്റെ തനതായ ശൈലികളും രീതികളും നമുക്ക് കാണാനാകും. ഗാംഗ്സ്റ്റർ ഡ്രാമകൾ തെലുങ്കിൽ പുതിയതല്ലെങ്കിലും നിലവിലുള്ള രീതിയിൽ നിന്നും വ്യത്യസ്തമായാണ് ‘കിങ്‌ഡം’ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തും കിംഗ്ഡം തരംഗം! പ്രീമിയർ കളക്ഷനുകളിൽ റെക്കോർഡുകൾ
ചിത്രത്തിലെ വിജയ് ദേവരകൊണ്ടയുടെയും ഭാഗ്യശ്രീ ബോർസയുടെയും പ്രകടനവും എടുത്തു പറയേണ്ടതാണ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും സിനിമയിലുണ്ട്. അതുപോലെ തന്നെ, അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും വേറിട്ടൊരു അനുഭവം നൽകുന്നു. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരവും വളരെ മനോഹരമാണ്.
നായകൻ ശ്രീലങ്കയിൽ എത്തുന്നത് മുതൽ സിനിമ നമ്മളെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. ആദ്യ പകുതിയിൽ നായകൻ ശ്രീലങ്കയിലേക്ക് പോകുന്നതും ചാരനായി മാറുന്നതിനെ കുറിച്ചുമാണ് പറയുന്നത്. ഇതിനിടെയാണ് വിജയ്‍യും ഭാഗ്യശ്രീയും തമ്മിൽ പ്രണയം പൂവിടുന്നതും. ആദ്യ പകുതി വരെ പരാതികളൊന്നുമില്ലെങ്കിലും രണ്ടാം പകുതി അൽപ്പം മന്ദഗതിയിലായിരുന്നു. എങ്കിലും അവസാന 20 മിനിറ്റ് ചിത്രത്തിന്റെ ലെവൽ മാറ്റിമറിച്ചു. ഗ്യാങ്സ്റ്റർ ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് ‘കിംഗ്ഡം’ നല്ലൊരു ഓപ്‌ഷനാണ്.