Kingdom Movie: അന്ന് വിമർശിച്ചവർ ഇന്ന് കയ്യടിക്കുമോ? വേറിട്ട വേഷത്തിൽ വിജയ് ദേവരകൊണ്ട; ‘കിങ്ഡം’ ട്രെയ്‌ലർ എത്തി
Kingdom Movie Trailer Out Now: ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ജൂലൈ 31ന് 'കിങ്ഡം' ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.
ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമായ ‘ജേഴ്‌സി’ക്ക് ശേഷം ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്ഡം’. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു. ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രമാകും ‘കിങ്ഡം’ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന വിജയ് ദേവരകൊണ്ട ഒരു മിഷന്റെ ഭാഗമായി ഒരിടത്ത് എത്തിപ്പെടുത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
അനിരുദ്ധ് രവിചന്ദറിന്റെ ബിജിഎം തന്നെയാണ് ട്രെയ്‌ലറിന്റെ മറ്റൊരു ഹൈലൈറ്റ്. മലയാളി നടൻ വെങ്കിടേഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ജൂലൈ 31ന് ‘കിങ്ഡം’ ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.
രണ്ട് ലുക്കിലാണ് വിജയ് ദേവരകൊണ്ട സിനിമയിൽ എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർ പരാചയങ്ങൾ നേരിട്ട വിജയ്ക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനമാണ് ലഭിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിലൂടെ നടൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.
ALSO READ: ഡയറി മിൽക്കിൻ്റെ പരസ്യത്തിലെ സുന്ദരി!: കിങ്ഡത്തിലെ നായിക ഭാഗ്യശ്രീയെ കുറിച്ച് നിങ്ങൾക്ക് അറിയാത്തത്
വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിതാര എൻറർടെയ്ൻമെൻറ്സ്, ഫോർച്യൂൺ 4 സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശി എസും സായ് സൗജന്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം.