Lakshmi Nakshathra: ‘എല്ലാവർക്കും എന്റെ വിവാഹം എപ്പോഴാണെന്നാണ് അറിയേണ്ടത്’; ചോദ്യങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി നക്ഷത്ര
Lakshmi Nakshathra About Her Marriage Plans: ലക്ഷ്മിയുടെ വിവാഹം എപ്പോൾ ആയിരിക്കുമെന്നാണ് പലർക്കും അറിയേണ്ടത്. ഇതിന് മറുപടിയായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷ്മി നക്ഷത്ര
സ്റ്റാർ മാജിക് എന്ന ഷോയുടെ അവതാരകയായെത്തി പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഈ ഷോയിലൂടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അതോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ലക്ഷ്മിയുടെ വിവാഹം എപ്പോൾ ആയിരിക്കുമെന്നാണ് പലർക്കും അറിയേണ്ടത്. ഇതിന് മറുപടിയായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
യൂട്യൂബിൽ പങ്കുവെച്ച ‘ക്യു ആന്റ് എ (Q & A)’ വീഡിയോയിലാണ് ഇതിനുള്ള ഉത്തരം ലക്ഷ്മി നക്ഷത്ര പറഞ്ഞത്. ഒട്ടേറെ ആളുകൾ ഇതേ ചോദ്യം താരത്തിന്റെ മറ്റ് പല വീഡിയോകൾക്ക് താഴെയും ചോദിച്ചിരുന്നു. ഇതോടെയാണ് പുതിയ വീഡിയോയിൽ ലക്ഷ്മി ഇതിനുള്ള ഉത്തരം നൽകിയത്. വിവാഹം സമയം ആകുമ്പോൾ സംഭവിക്കുമെന്നായിരുന്നു ചോദ്യങ്ങളോട് താരത്തിന്റെ മറുപടി. ഷോകൾ വരുന്നതും വീട് വയ്ക്കുന്നതും വണ്ടി വാങ്ങുന്നതും പോലെ തന്നെയാണ് വിവാഹമെന്നും അത് സംഭവിക്കുമ്പോൾ സംഭവിക്കുമെന്ന് ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി.
വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴുള്ള ക്ലീഷേ ഡയലോഗ് ആണെന്ന് നിങ്ങൾക്ക് തോന്നാം, എന്നാലും എന്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ എന്നാണ് തനിക്ക് പറയാനുള്ളത് ലക്ഷ്മി പറഞ്ഞു. നിലവിൽ വിവാഹത്തെ കുറിച്ച് പ്ലാനുകൾ ഒന്നുമില്ല, എന്നാൽ നാളെ എന്ത് സംഭവിക്കും എന്ന് നമുക്കൊന്നും പറയാൻ കഴിയില്ല. യഥാർത്ഥ ജീവിതത്തിലെ കാര്യം പറയുകയാണെങ്കിൽ, ഇന്ന് കാണുന്നവരെ നാളെ കാണുമോ എന്ന് പോലും പറയാൻ പറ്റില്ലല്ലോ എന്നും ലക്ഷ്മി പറയുന്നു.
പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ, അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. അതിന്റെ പേരിൽ എയറിൽ കയറാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് പറയാത്തതെന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. ഒപ്പം ആരാധകരുടെ മറ്റ് പല ചോദ്യങ്ങൾക്കും താരം മറുപടി കൊടുത്തു.
ALSO READ: ‘ഒരു വേഷത്തിനുവേണ്ടി അവർ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി; എന്റെ ആത്മവിശ്വാസം തകർത്തു’; ഇഷ തൽവാർ
ഒറ്റ മോളായതു കൊണ്ടുള്ള സങ്കടമുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് തീർച്ചയായും ഉണ്ടെന്നാണ് താരത്തിന്റെ മറുപടി. അച്ഛനും അമ്മയ്ക്കും ഇനിയൊരു കുഞ്ഞ് ഉണ്ടായാൽ തന്നോടുള്ള സ്നേഹം കുറയുമെന്ന് ചെറുപ്പത്തിൽ തന്റെ ചില ബന്ധുക്കളിൽ പറഞ്ഞിരുന്നു. അത് വിശ്വസിച്ചത് കൊണ്ടുതന്നെ അന്ന് അവർ ഒരുമിച്ചിരിക്കുമ്പോൾ പോലും താൻ പ്രശ്നമുണ്ടാക്കിയിരുന്നു എന്നും ലക്ഷ്മി പറയുന്നു.
അതിന്റെ വിഷമം ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നുണ്ട്. എത്രയൊക്കെ സഹോദരിയെ പോലെയാണ്, സഹോദരനെ പോലെയാണ് എന്നൊക്കെ പറഞ്ഞാലും സ്വന്തമായി ഒരു കൂടപിറപ്പ് ഇല്ലാത്തത് വലിയൊരു വേദനയാണ്. അന്നത്തെ തന്റെ ആ ബുദ്ധിയെ തനിക്ക് തന്നെ തല്ലാൻ തോന്നുന്നുണ്ട് എന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു.