Loka singer Jyothi Nooran: ട്രോളിൽ നിന്ന് ട്രെൻഡിലേക്ക് ഉയർന്ന ലോകയിലെ പാട്ടുകാരി ജ്യോതി നൂറാൻ ആര്?
lokah title song Thani Lokah Murakkaari singer jyothi nooran: പ്രമുഖ സൂഫി ഗായക കുടുംബത്തിൽ ജനിച്ച ജ്യോതി നൂറാൻ, സുൽത്താന നൂറാണെന്ന തന്റെ സഹോദരിയോടൊപ്പം ആണ് പാട്ടുകളുടെ ലോകത്തേക്ക് പിച്ചവെച്ചതും വളർന്ന് പന്തലിച്ചതും.
ന്യൂഡൽഹി: കുറച്ചുകാലങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾ നേരിട്ട ഒരു ഗായികയുണ്ടായിരുന്നു. സ്വതസിദ്ധമായത് തന്റെ സ്റ്റൈലിൽ അവരൊരു ഖവാലി ഗാനം ആലപിക്കുമ്പോൾ കൂടെയുള്ളവർ ഞെട്ടുന്നതായും മറ്റുമാണ് ആ വീഡിയോയിൽ ഉണ്ടായിരുന്നത്. അന്ന് ഏറെ കളിയാക്കപ്പെട്ട ആ ഗായികയുടെ പേര് ജ്യോതി നൂറാൻ എന്നായിരുന്നു.
ഇന്ത്യയിലെ ഏറെ പ്രസിദ്ധരായ നൂറാൻ സിസ്റ്റേഴ്സിലെ ഒരാൾ എന്നതിനപ്പുറം നിരവധി സിനിമ ഗാനങ്ങൾ പാടിയ ചരിത്രം കൂടിയുള്ള ജ്യോതി നൂറാൻ ഇന്ന് ട്രോളുകളുടെ ഇടയിൽ നിന്ന് ട്രെൻഡിങ്ങിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനൊരു കാരണം ഉള്ളൂ അത് ലോകയാണ്. ലോകയിലെ ടൈറ്റിൽ സോങ് പാടിയിരിക്കുന്ന സൂഫി ഗായിക ജ്യോതി നൂറാനെ ആരും അത്ര പെട്ടെന്ന് മറക്കില്ല. തന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ട് ഗാനത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ജ്യോതി.
പ്രമുഖ സൂഫി ഗായക കുടുംബത്തിൽ ജനിച്ച ജ്യോതി നൂറാൻ, സുൽത്താന നൂറാണെന്ന തന്റെ സഹോദരിയോടൊപ്പം ആണ് പാട്ടുകളുടെ ലോകത്തേക്ക് പിച്ചവെച്ചതും വളർന്ന് പന്തലിച്ചതും. തബല വിദ്വാനായിരുന്ന അവരുടെ പിതാവ് ഉസ്താദ് ഗൂലാം മിർഖാനാണ് ഇരുവർക്കും സംഗീതത്തിന്റെ ബാലപാഠങ്ങൾ നൽകിയത്. അവരുടെ മുത്തച്ഛൻ ഉസ്താദ് മിർ ബേദർ ബക്ഷ് ഒരു സൂഫി ഗായകനായിരുന്നു.
പ്രശസ്ത ഗാനങ്ങൾ
- പടക്ക ഗുഡ്ഡി: ‘ഹൈവേ’ എന്ന സിനിമയിലെ ഈ ഗാനമാണ് ജ്യോതി നൂറാന് ബോളിവുഡിൽ വലിയ പ്രശസ്തി നേടിക്കൊടുത്തത്. എ.ആർ. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.
- തുങ് തുങ് ബാജെ: ‘സിംഗ് ഈസ് ബ്ലിംഗ്’ എന്ന സിനിമയിലെ ഈ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി.
- ഘനി ബാവ്രി: ‘തനു വെഡ്‌സ് മനു റിട്ടേൺസ്’ എന്ന സിനിമയിലെ ഈ ഗാനം നിരവധി അവാർഡുകൾ നേടി.