Malayalam Serial Row : പ്രേം കുമാറിൻ്റെ തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പോകോട്ടെ! സീരിയൽ വിവാദത്തിൽ ധർമ്മജൻ
Actor Dharmajan Bolgatty Criticize Actor Prem Kumar: മലയാളം സീരിയലുകൾക്ക് നിയന്ത്രണം ആവശ്യമാണെന്നും ചിലത് എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർശം.
കൊച്ചി: സീരിയലുകൾ എൻഡോസൾഫാൻ ആണെന്ന് പറഞ്ഞ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെതിരെ നടൻ ധർമ്മജൻ ബോൾഗാട്ടി രംഗത്ത്. എൻഡോസൾഫാൻ പോലെ അപകടകരമാണ് സീരിയലുകൾ എന്ന പ്രേംകുമാറിന്റെ പരാമർശത്തിനെതിരായാണ് ധർമ്മജന്റെ പ്രതികരണം. സീരിയലുകളെ എൻഡോസൾഫാൻ എന്ന വിശേഷിപ്പിച്ച പ്രേംകുമാർ ആ മേഖലയിലൂടെ വളർന്നു വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോയെന്നും ധർമ്മജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചേദിച്ചു. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ധർമ്മജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
“ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ? പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ….” എന്നാണ് ധർമ്മജൻ കുറിച്ചത്. പോസറ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
എൻഡോസൾഫാൻ അല്ല സൈനേഡ്… മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ നെഗറ്റീവടിപ്പിച്ച് മാനസിക വൈകല്യങ്ങളിലേക്ക് തള്ളിവിടുന്ന കാളകൂട വിഷമാണ് സീരിയൽ. എന്ന് ഇത് നിരോധിക്കുന്നുവോ അന്ന് പല വീട്ടിലും സമാധാനം ഉണ്ടാകുമെന്നാണ് ഒരു വ്യക്തിയുടെ കമന്റ്. കലയുടെ കൊലയാളിയാണ് സീരിയൽ, ഒരു നിലവാരവും ഇല്ലാത്ത കലാരൂപം. പിന്നെ ആകെ ഒരു ഗുണം ചേട്ടൻ പറഞ്ഞത് മാത്രമാണ് കുറെ പേർക്ക് ജീവിച്ച് പോകാം എന്നു മാത്രം. പക്ഷെ സമൂഹത്തെ നിരന്തരം കാർന്ന് തിന്നുന്ന ക്യാൻസറായി മാറി സീരിയൽ. നിയന്ത്രണം വളരെ അനിവാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
മലയാളം സീരിയലുകൾക്ക് നിയന്ത്രണം ആവശ്യമാണെന്നും ചിലത് എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർശം. സിനിമ, സീരിയൽ, വെബ്സീരീസ് മുതലായവ പൊതുസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് നൽകുന്ന സന്ദേശം തെറ്റാണെങ്കിൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ സീരിയലുകളെയും ഉദ്ദേശിച്ചല്ല തന്റെ പരാമർശമെന്നും പ്രേംകുമാർ വ്യക്തമാക്കിയിരുന്നു.
‘കലാകാരന്മാർക്ക് ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. സിനിമയിൽ സെൻസറിംഗ് ഉണ്ടെങ്കിലും ടെലിവിഷൻ സീരിയലുകൾക്ക് അതില്ല. കാരണം ഷൂട്ട് ചെയ്യുന്ന എപ്പിസോഡുകൾ ഉടൻ തന്നെ ഇവർ ജനങ്ങളിലേക്ക് എത്തിക്കുകയാണ്അതിനിടെ സെൻസറിങ്ങിന് സമയമില്ല. കുടുംബ സദസ്സുകളിലേക്കാണ് ടെലിവിഷൻ സീരിയലുകൾ എത്തുന്നത്. ഇത് കാണുന്നവർ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും വിചാരിക്കുക. ഇതേകുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ഉത്തരവാദിത്തം വേണം’ -പ്രേംകുമാർ പറഞ്ഞു.
നേരത്തെ സീരിയലുകൾക്ക് സെൻസറിംഗ് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു. മെഗാ സീരിയലുകൾക്ക് പകരം പരമാവധി 30 എപ്പിസോഡുകളുള്ള മിനി സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ പരമാവധി രണ്ട് സീരിയലുകൾ സംപ്രേക്ഷണം ചെയ്യാനുള്ള അനുമതിയെ നൽകാവൂ എന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സീരിയലുകൾക്കെതിരെ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറും രംഗത്തെത്തിയത്.