Mammootty Birthday: ‘മൂത്തോന്’ ആശംസകൾ; മമ്മൂട്ടിയ്ക്കുള്ള ശ്വേതാ മേനോൻ്റെ ജന്മദിനാശംസകളിൽ ‘ലോക’ സ്പോയിലർ?
Lokah Spoiler In Shweta Menon Birthday Post: ശ്വേതാ മേനോൻ്റെ മമ്മൂട്ടി ജന്മദിനാശംസ പോസ്റ്റിൽ 'ലോക' സ്പോയിലർ എന്ന് ആരാധകർ. ലോകയിലെ മൂത്തോൻ എന്ന കഥാപാത്രത്തെപ്പറ്റിയുള്ള സ്പോയിലർ ഈ പോസ്റ്റിലുണ്ടെന്നാണ് ആരോപണം.

ശ്വേതാ മേനോൻ, മമ്മൂട്ടി
മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. 74 വയസ് പൂർത്തിയായ താരം രോഗമുക്തനായി തിരികെവന്നതിന് ശേഷം അഭിനയം പുനരാരംഭിക്കുകയാണ്. സിനിമാലോകത്തെ പല പ്രമുഖരും മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. ഇതിൽ ശ്വേതാമേനോൻ്റെ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘മൂത്തോന് ആശംസകൾ’ എന്നാണ് ശ്വേത തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ലോക സിനിമയിൽ മൂത്തോൻ എന്ന കഥാപാത്രമുണ്ടായിരുന്നു. ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോൻ. കഥാപാത്രത്തിൻ്റെ കൈ മാത്രമാണ് സിനിമയിൽ കാണിച്ചത്. ഈ കയ്യും ശബ്ദവും നിരീക്ഷിച്ച് കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാവാമെന്ന തിയറികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്ന പോസ്റ്റാണ് ശ്വേത പങ്കുവച്ചത് എന്ന് ആരാധകർ പറയുന്നു. എന്നാൽ, മൂത്ത ജ്യേഷ്ഠൻ എന്നതാവാം ശ്വേത മേനോൻ ഉദ്ദേശിച്ചതെന്നും വ്യാഖ്യാനമുണ്ട്.
ശ്വേതാ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
‘മൂത്തോന്, മലയാളത്തിൻ്റെ കാരണവർക്ക് ഒരു ഗംഭീര പിറന്നാൾ ആശംസകൾ’ എന്നായിരുന്നു ശ്വേതയുടെ മുഴുവൻ പോസ്റ്റ്. മമ്മൂട്ടിയ്ക്കൊപ്പമുള്ള ഒരു ചിത്രവും ശ്വേത പങ്കുവച്ചു.
വേഫേറഫ ഫിലിംസിൻ്റെ ബാനറിൽ ഡോമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയാണ് ലോക: ചാപ്റ്റൻ വൺ, ചന്ദ്ര. ഡോമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. കല്യാണി പ്രിയദർശനാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസ്ലൻ, ചന്തു സലിംകുമാർ, സാൻഡി മാസ്റ്റർ, വിജയരാഘവൻ, ടൊവിനോ തോമസ്, നിഷാന്ത് സാഗർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്.
നിമിഷ് രവിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചമൻ ചാക്കോയാണ് എഡിറ്റ്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച സിനിമ ഓഗസ്റ്റ് 28നാണ് തീയറ്ററുകളിലെത്തിയത്. കേവലം 30 കോടി ബജറ്റിലൊരുക്കിയ സിനിമ ഇതിനകം 125 കോടി രൂപയിലധികം ബോക്സോഫീസിൽ നിന്ന് നേടി. മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിലേക്കാണ് ലോക കുതിയ്ക്കുന്നത്.