AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maniyanpilla Raju: രണ്ടര ലക്ഷം രൂപയ്ക്ക് തീര്‍ത്ത സിനിമയിലെ പാട്ടിനായി കൊടുക്കേണ്ടി വന്നത് 2.75 ലക്ഷം; മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍

Maniyanpilla Raju about Chotta Mumbai re release: വളരെ ജോളി ആയിട്ടാണ് ഛോട്ടാ മുംബൈ ഷൂട്ട് ചെയ്തത്. ഉദ്ദേശിച്ച ദിവസങ്ങള്‍ കൊണ്ട് ആ പടം തീര്‍ക്കാന്‍ പറ്റി. അതൊരു അടിപൊളി പടമായി. അന്ന് ആ പടം ഭയങ്കരമായി വര്‍ക്ക്ഔട്ടായി. ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു

Maniyanpilla Raju: രണ്ടര ലക്ഷം രൂപയ്ക്ക് തീര്‍ത്ത സിനിമയിലെ പാട്ടിനായി കൊടുക്കേണ്ടി വന്നത് 2.75 ലക്ഷം; മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍
മണിയന്‍പിള്ള രാജു Image Credit source: facebook.com/ManiyanPillaRaju
jayadevan-am
Jayadevan AM | Published: 19 May 2025 14:58 PM

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഛോട്ടാ മുംബൈ. 2007ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. മണിയന്‍പിള്ള രാജുവായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രം റീറിലീസ് ചെയ്യാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ജൂണില്‍ റീ റിലീസുണ്ടാകുമെന്നാണ് മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍. ഛോട്ടാ മുംബൈയിലെ ‘ചെട്ടികുളങ്ങര ഭരണിനാളില്‍…’ എന്ന പാട്ടിന്റെ റൈറ്റ്‌സിനായി 2.75 ലക്ഷം രൂപ കൊടുക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.1975ല്‍ പുറത്തിറങ്ങിയ ‘സിന്ധു’ എന്ന ചിത്രത്തിലേതായിരുന്നു ഈ പാട്ട്.

പ്രേം നസീര്‍ നായകനായ ചിത്രത്തിലെ ഈ പാട്ടിന്റെ രചനകള്‍ ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു. എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം നിര്‍വഹിച്ചു. കെ.ജെ. യേശുദാസ് ആലപിച്ചു. എന്നാല്‍ ആ പാട്ടിന്റെ റൈറ്റ്‌സ് ശ്രീകുമാരന്‍ തമ്പിക്കോ, അര്‍ജുനന്‍ മാസ്റ്ററിനോ അല്ലായിരുന്നുവെന്ന് മണിയന്‍പിള്ള രാജു വെളിപ്പെടുത്തി. ഛോട്ടാ മുംബൈയില്‍ ഈ പാട്ട് ഉപയോഗിക്കാന്‍ ആ പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയവരുടെ അടുത്ത് ചെന്ന് തങ്ങള്‍ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

”ആദ്യം നാലു ലക്ഷം രൂപയാണ് അവര്‍ പറഞ്ഞത്. അവസാനം ബാര്‍ഗെയ്ന്‍ ചെയ്ത് ആ പാട്ടിന്റെ അത്രയും വരികള്‍ക്ക് 2.75 ലക്ഷം രൂപ കൊടുത്തു. അന്ന് നസീര്‍ സാറിനെ വെച്ച് എടുത്തപ്പോള്‍ ആ പടത്തിന് മുഴുവനായതും ചെലവായത് രണ്ടര ലക്ഷം രൂപയാണ്”- മണിയന്‍പിള്ള രാജു പറഞ്ഞു.

സെന്‍സറിങിലെ പ്രശ്‌നം

ഛോട്ടോ മുംബൈ സെന്‍സര്‍ ചെയ്യാന്‍ പറ്റില്ലെന്ന് അന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ‘പാപ്പാഞ്ഞി’യെ കത്തിക്കുന്ന രംഗമായിരുന്നു പ്രശ്‌നം. പാപ്പാഞ്ഞിയെ അങ്ങനെ കത്തിക്കാന്‍ പാടില്ലെന്നും, അവസാനം ഒരു പ്രത്യേക മതക്കാര്‍ വന്ന് വഴക്കുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. പാപ്പാഞ്ഞിയെ ദൈവമായിട്ടല്ല കാണിച്ചിരിക്കുന്നതെന്ന് തങ്ങളും പറഞ്ഞു.

അന്നത്തെ സെന്‍സര്‍ ഓഫീസിന് ഭയങ്കര പേടിയായിരുന്നു. കുറേ പറഞ്ഞുനോക്കി. അവസാനം അദ്ദേഹം മട്ടാഞ്ചേരി സിഐയെ വിളിച്ചു. പാപ്പാഞ്ഞിയെ കത്തിക്കുന്ന സംഭവം എല്ലാ വര്‍ഷവുമുള്ളതാണെന്നും അതൊരു ചടങ്ങാണെന്നും സിഐ സെന്‍സര്‍ ബോര്‍ഡിനെ അറിയിച്ചു. അവസാനം എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താനായിരിക്കും ഉത്തരവാദിയെന്ന് എഴുതിക്കൊടുത്തിട്ടാണ് അന്ന് സെന്‍സര്‍ ചെയ്യാന്‍ അവര്‍ സമ്മതിച്ചതെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി.

രാജമാണിക്യം പ്രേരണ

അന്നത്തെ കാലത്ത് രാജമാണിക്യം എന്ന സിനിമ ഒരു ട്രെന്‍ഡ് സെക്ടറായിരുന്നു. എല്ലാവരെയും ഇഷ്ടപ്പെടുത്തിയെന്നതാണ് ആ സിനിമയുടെ ഒരു മാജിക്ക്. അന്ന് അത് ഒരു ഫസ്റ്റ് ക്ലാസ് എന്റര്‍ടെയിന്‍മെന്റ് ഫിലിമായിരുന്നു. ഇതുപോലെ തനിക്ക് മോഹന്‍ലാലിനെ വെച്ച് ഒരു അടിപൊളി ആക്ഷന്‍ കോമഡി സിനിമ ഉണ്ടാക്കണമെന്ന് അന്‍വര്‍ റഷീദിനോട് പറഞ്ഞു. ബെന്നി പി നായരമ്പലവും, താനും, അന്‍വര്‍ റഷീദും മോഹന്‍ലാലിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും വളരെ പെട്ടെന്ന് തന്നെ ഡേറ്റ് തരുകയും ചെയ്തു.

Read Also: Mohanlal: ‘അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് ഒരു കുഞ്ഞിന്റെ മനസ്സാണ്’; മോഹൻലാൽ

വളരെ ജോളി ആയിട്ടാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ഉദ്ദേശിച്ച ദിവസങ്ങള്‍ കൊണ്ട് ആ പടം തീര്‍ക്കാന്‍ പറ്റി. അതൊരു അടിപൊളി പടമായി. അന്ന് ആ പടം ഭയങ്കരമായി വര്‍ക്ക്ഔട്ടായി. ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ആ കഥയ്ക്ക് സെക്കന്‍ഡ് പാര്‍ട്ടില്ല. ജൂണില്‍ ഇറക്കാനാണ് തീരുമാനമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.