Mohanlal Mother Demise: മഹാനടന്റെ അമ്മയ്ക്ക് വിടചൊല്ലി കലാകേരളം; സന്ദർശിച്ച് മുഖ്യമന്ത്രി
Mohanlal Mother Demise: വൻ ജനാവലിക്ക് നടുവിൽ നിശബ്ദനായി അമ്മയുടെ ഓർമ്മകളിൽ നിൽക്കുന്ന മോഹൻലാലിനെയാണ് ഇന്നലെ കേരള ജനത കണ്ടത്...

Pinarayi Vijayan, Mohanlal
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയ്ക്ക് വിടചൊല്ലി കലാ കേരളം. മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിൽ ഭർത്താവും മകൻ പ്യാരിലാലും ലയിച്ച മണ്ണിലാണ് ശാന്തകുമാരി അമ്മയും അന്ത്യവിശ്രമം കൊള്ളുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് മോഹൻലാലിന്റെ അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മഹാനടന്റെ അമ്മയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു.
വൻ ജനാവലിക്ക് നടുവിൽ നിശബ്ദനായി കൊണ്ട് അമ്മയുടെ ഓർമ്മകളിൽ നിൽക്കുന്ന മോഹൻലാലിനെയാണ് ഇന്നലെ കേരള ജനത കണ്ടത്. ഒപ്പം ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു. രാവിലെ 11 മണിയോടെയാണ് മകൻ പ്രണവ് മുടവൻമുകളിലെ വീട്ടിലെത്തിയത്. ഇന്നലെ മുഴുവൻ പൂജപ്പുര റോഡും പരിസരവും വലിയ ഗതാഗത തിരക്കാണ് അനുഭവപ്പെട്ടത്. സിനിമാ മേഖലകളിൽ നിന്നും സമൂഹത്തെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും മോഹൻലാലിന്റെ അമ്മയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനായി എത്തിയിരുന്നു.
ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അന്ത്യകർമ്മങ്ങൾ ആരംഭിച്ചത്. ഹരേ രാമ എന്ന് ജപിച്ചു കൊണ്ടാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്. നാലുമണിയോടെയാണ് മൃതദേഹം മുൻവശത്തെ വാതിലിലൂടെ പുറത്തേക്ക് എടുത്തത്. ശവമഞ്ചത്തിന്റെ വലതുഭാഗം മോഹൻലാലും മറുവശം പ്രണവ് മോഹൻലാലും ചുമന്നു. പിൻഭാഗത്ത് ഇടവഴിയിലൂടെയാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. ഭർത്താവ് കെ വിശ്വനാഥൻ നായരെയും മകൻ പ്യാരി ലാലിനെയും അടക്കിയ മണ്ണിൽ ആണ് ശാന്തകുമാരി അമ്മയ്ക്കും ചിതയൊരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭാര്യ രാധിക മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് വീണ ജോർജ് വി അബ്ദുറഹിമാൻ സജി ചെറിയാൻ കെ ബി ഗണേഷ് കുമാർ പി പ്രസാദ് രാമചന്ദ്രൻ കടന്നപ്പള്ളി എംപിമാരായ കെ സി വേണുഗോപാൽ അടൂർ പ്രകാശ് തുടങ്ങിയവരും നിരവധി പ്രമുഖർ എത്തിയിരുന്നു.