Mohanlal – മോഹൻലാലിനെ അയോഗ്യനാക്കാൻ രണ്ടു മാർക്ക് നൽകി നോക്കി, ഒത്തില്ല – സിബി മലയിൽ
Mohanlal - Sibi Malayil : ഇയാൾ ഇനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ടു മാർക്ക് കൊടുത്ത് പറഞ്ഞു വിടാൻ നോക്കിയതാണ് ഞാൻ പക്ഷേ മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഒത്തില്ല എന്ന് സിബി മലയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പിനേഷനുകളിൽ ഒന്നാണ് മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ട്. പത്തിലധികം സിനിമകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കിരീടം, ഭരതം, സദയം തുടങ്ങിയ ക്ലാസിക്കുകളും മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ സമ്മർ ഇൻ ബത്ലഹേം പോലുള്ള ചിത്രങ്ങളും മലയാളിയുടെ മനസ്സിൽ എന്നും സ്ഥാനമുള്ള ചിത്രങ്ങളാണ്.
സിബി മലയിൽ നൽകിയ രണ്ടുമാർക്ക്
മോഹൻലാലിന്റെ കരിയർ അരങ്ങേറ്റം സിബി മലയിൽ കാരണം ഒരുപക്ഷേ മുടങ്ങിയേനെ. മുത്താരംകുന്ന് പിഒ യുടെ നാല്പതാം വാർഷികത്തിൽ മോഹൻലാൽ തന്നെയാണ് ആ കഥ വെളിപ്പെടുത്തിയത്. നവോദയയിൽ തന്റെ ആദ്യ ഓഡിഷൻ എത്തിയപ്പോൾ സിബി മലയിലും അവിടെ ഉണ്ടായിരുന്നു. അന്ന് തനിക്ക് ഏറ്റവും കുറവ് മാർക്ക് നൽകിയത് അദ്ദേഹമായിരുന്നു എന്നും നൂറിൽ രണ്ട് മാർക്ക് ആണ് സിബി തനിക്ക് തന്നത് എന്നും മോഹൻലാൽ ഓർമിച്ചു.
എന്നാൽ സിബി മലയിലെ ചിത്രത്തിലൂടെയാണ് തനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത് എന്നും സിബി മലയിലും താനും 13 സിനിമകൾ ചെയ്തിട്ടുണ്ട് എന്നും ജീവിതത്തിലെ ഏറ്റവും മികച്ചതും എന്നും അഭിമാനിക്കാവുന്നതുമായ കഥാപാത്രങ്ങളെ സമ്മാനിച്ചത് സിബി മലയിൽ തന്നെയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മറുവശത്ത് മോഹൻലാലിനെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന് സിബി മലയിലും സമ്മതിക്കുന്നു. ഇയാൾ ഇനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ടു മാർക്ക് കൊടുത്ത് പറഞ്ഞു വിടാൻ നോക്കിയതാണ് ഞാൻ പക്ഷേ മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഒത്തില്ല എന്ന് സിബി മലയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
മറക്കാനാവാത്ത കൂട്ടുകെട്ട്
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിലാണ് മോഹൻലാലും സിബി മലയിലും ആദ്യമായി ഒന്നിച്ചത്. പിന്നീട് കിരീടം എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് മലയാളികളെ ഞെട്ടിച്ചു. തുടർന്നു വന്ന ദശരഥം പിന്നീട് വന്ന ഹിസ് ഹൈനസ് അബ്ദുള്ള, ധനം, ഭരതം, സദയം, കമലദളം, ചെങ്കോൽ, ഉസ്താദ്, ദേവദൂതൻ, തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു. ഇതിൽ ഭരതം എന്ന ചിത്രത്തിലെ അഭിനയത്തിലാണ് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.